കോഴിക്കോട്ട് വരുന്ന ആഴ്ചകളില്‍ നാലായിരത്തോളം കോവിഡ് രോഗികള്‍ ഉണ്ടായേക്കാമെന്ന് വിലയിരുത്തല്‍

കോഴിക്കോട്: കോഴിക്കോട് വരുന്ന ആഴ്ചകളില്‍ നാലായിരത്തോളം കോവിഡ് രോഗികള്‍ ഉണ്ടായേക്കാമെന്ന് ജില്ലാ ഭരണകൂടത്തിന്റെ കണക്ക് കൂട്ടല്‍. ഏത് സാഹചര്യവും നേരിടാന്‍ ജില്ല തയ്യാറായിരിക്കുകയാണെന്നും ഓക്‌സിജന്‍ സിലിണ്ടര്‍ അടക്കമുള്ളവ ക്രമീകരിച്ച് കഴിഞ്ഞൂവെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ വിലയിരുത്തി.

ജില്ലയില്‍ നാലായിരത്തോളം രോഗികള്‍ ഉണ്ടായാല്‍ 600 ഓക്‌സിജന്‍ സിലിണ്ടറുകളും 200 വെന്റിലേറ്ററുകളും ആവശ്യമായി വന്നേക്കാം.അതുകൊണ്ട് പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും മറ്റും ഓക്‌സിജന്‍ സിലിണ്ടറുകള്‍ ശേഖരിച്ച് സൂക്ഷിച്ച് വരികയാണെന്നും യോഗം വിലയിരുത്തി. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് രോഗികള്‍ക്കായുള്ള പ്രത്യേക ആശുപത്രിയാക്കി മാറ്റുമെന്നും തീരുമാനമെടുത്തിട്ടുണ്ട്.

ഇരുപതോളം പഞ്ചായത്തുകളിലേയും രണ്ട് മുനിസിപ്പാലിറ്റിയിലേയും കോര്‍പ്പറേഷന്‍ പരിധിയിലേയും വിവിധ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാണ്. ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനേക്കാള്‍ കര്‍ശനമാക്കാനം തീരുമാനിച്ചിട്ടുണ്ട്. കണ്ടെയിന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ നഗരപ്രദേശങ്ങളില്‍ 130 സ്‌ക്വാഡുകളേയും ഗ്രാമീണമേഖലയില്‍ 118 സ്‌ക്വാഡുകളേയും രംഗത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്

Top