സഹജഡ്ജിക്കെതിരെ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശം; സുപ്രീം കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

ന്യൂഡല്‍ഹി: സഹജഡ്ജിക്കെതിരെ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശത്തില്‍ സുപ്രീം കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്. ‘സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു’ എന്നായിരുന്നു സഹജഡ്ജിക്കെതിരായ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുക.

‘ജസ്റ്റിസ് സെന്‍ സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനസര്‍ക്കാര്‍ കക്ഷിയായ കേസുകളിലെ വിധികള്‍ ആവശ്യമെങ്കില്‍ സുപ്രീം കോടതി പുനഃപരിശോധിക്കണം.’ -ഗംഗോപാധ്യായ് ഉത്തരവില്‍ പറഞ്ഞു.ബംഗാളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടും സി.ബി.ഐ. അന്വേഷിക്കണമെന്ന് ജസ്റ്റിസ് ഗംഗോപാധ്യായ് 2022-ല്‍ ഉത്തരവിട്ടിരുന്നു. ഈ അന്വേഷണം തൃണമൂല്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും അറസ്റ്റിലേക്കും നൂറ് കോടിക്ക് മേല്‍ മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിലേക്കും നയിച്ചു. 2022 സെപ്റ്റംബര്‍ 20-ന് ഒരു ബംഗാളി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസ്ഥാനസര്‍ക്കാരിനേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.

ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന് വിരുദ്ധമായി എം.ബി.ബി.എസ്. പ്രവേശനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യായ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിലാണ് സഹജഡ്ജിയായ ജസ്റ്റിസ് സൗമെന്‍ സെന്നിനെതിരായ ആരോപണം അദ്ദേഹം ഉന്നയിച്ചത്.ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെട്ടതോടെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസ് ജസ്റ്റിസ് ഗംഗോപാധ്യായയുടെ ബെഞ്ചില്‍ നിന്ന് മാറ്റാന്‍ സുപ്രീം കോടതി കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് നിര്‍ദേശിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളെ കുറിച്ച് അഭിമുഖം നടത്താന്‍ ജഡ്ജിമാര്‍ക്ക് കഴിയില്ല എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Top