കൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗാംഗുലി രാജി പ്രഖ്യാപിച്ചു; സ്ഥാനാർഥിയാകുമെന്ന് സൂചന

ൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗാംഗുലി ചൊവ്വാഴ്ച സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിലിറങ്ങാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധ്യതയുണ്ടെന്ന് ഒരു ബംഗാളി ടി.വി. ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സൂചനനൽകി. സേവനകാലയളവിൽത്തന്നെ ഒരു ജഡ്ജി രാജി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നത് അപൂർവമാണ്. നിയമനകുംഭകോണമടക്കം പല അഴിമതിവിഷയങ്ങളിലും സംസ്ഥാനസർക്കാരിനെ കടുത്ത സമ്മർദത്തിലാക്കിയ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട് ജസ്റ്റിസ് അഭിജിത് ഗാംഗുലി. വിരമിക്കാൻ അഞ്ചുമാസം ബാക്കിയിരിക്കെയാണ് രാജി പ്രഖ്യാപനം. രാജിക്കത്ത് അദ്ദേഹം ഹൈക്കോടതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാർക്കും രാഷ്ട്രപതിക്കും അയയ്ക്കും.

ഏതുപാർട്ടിയിലാണ് ചേരുകയെന്ന് ജസ്റ്റിസ് ഗാംഗുലി ഉറപ്പിച്ചു പറഞ്ഞില്ല. ബി.ജെ.പി., കോൺഗ്രസ്, സി.പി.എം. കക്ഷികൾ അദ്ദേഹത്തെ സ്വാഗതംചെയ്തിട്ടുണ്ട്. ബി.ജെ.പി.യിൽ ചേരുമെന്നും താംലുക് മണ്ഡലത്തിൽനിന്ന് സ്ഥാനാർഥിയാകുമെന്നുമുള്ള അഭ്യൂഹം ശക്തമാണ്. ഇടതുനേതാക്കളുമായി അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്നത് ചൂണ്ടിക്കാട്ടി സി.പി.എമ്മിൽ ചേരുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.

ഭരണകക്ഷിയായ തൃണമൂലിനെ ജസ്റ്റിസ് ഗാംഗുലി അതിനിശിതമായി വിമർശിച്ചു. തന്റെ തീരുമാനത്തിന്റെ ഉത്തരവാദിത്വം അവർക്കാണ്. നിരന്തരം അവർ അപമാനിച്ചുകൊണ്ടിരുന്നു. കറുത്ത കോട്ടിട്ട കുറെ ദല്ലാളുകളും അതിന് കൂട്ടുനിന്നു. നിങ്ങൾക്ക് ഞങ്ങളോട് ശരിക്കും പോരാടണമെങ്കിൽ നീതിപീഠത്തിന് പുറത്തിറങ്ങി നേരിട്ടുവരൂ എന്നായിരുന്നു വെല്ലുവിളി. അത് സ്വീകരിച്ച് ഞാൻ കൂടുതൽ വിശാലമായ മേഖലയിലേക്ക് ഇറങ്ങുകയാണ് -ജസ്റ്റിസ് ഗാംഗുലി പറഞ്ഞു.

Top