വിഴിഞ്ഞം കരാര്‍ : അദാനിക്കു വഴിവിട്ട സഹായമെന്ന് സിഎജി റിപ്പോര്‍ട്ട്

Vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിഎജി റിപ്പോര്‍ട്ട്.

നിര്‍മാണകാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമെന്നും ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് ലഭിക്കുമെന്നും സിഎജി വ്യക്തമാക്കി.

നിലവിലെ പൊതുസ്വകാര്യ പങ്കാളിത്ത നിയമപ്രകാരം വലിയ നിര്‍മാണക്കമ്പനിക്ക് 30 വര്‍ഷമാണ് സാധാരണ കാലാവധി അനുവദിക്കുക. അതേസമയം, പത്തുവര്‍ഷത്തെ കാലാവധി നീട്ടിനല്‍കിയതിനു പുറമെ ആവശ്യമെങ്കില്‍ 20 വര്‍ഷം കൂടി കാലാവധി നല്‍കാമെന്നും കരാറില്‍ പറയുന്നു. ഈ വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപയുടെ അധികവരുമാനം അദാനിക്കു കിട്ടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

കമ്പനികള്‍ക്കുള്ള കാലാവധി 30 വര്‍ഷമായി നിജപ്പെടുത്തണമെന്നാണ് രാജ്യാന്തര ഫെഡറേഷന്റെ നിര്‍ദേശം. ഇതു മറികടക്കുന്നതു തന്നെ തെറ്റാണ്. ഓഹരി ഘടനയിലെ മാറ്റം സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും സിഎജി കണ്ടെത്തി.

അതേസമയം, സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് കരാര്‍ പുനഃപരിശോധിക്കേണ്ടതായും നടപടി സ്വീകരിക്കേണ്ടതായും വരും. സ്വീകരിച്ച നിലപാടു സംബന്ധിച്ച് റിപ്പോര്‍ട്ടും നല്‍കേണ്ടതായി വരും. ഇതോടെ സംസ്ഥാനത്തിന് ഗുണകരമല്ലാത്ത വ്യവസ്ഥകള്‍ മാറ്റി പുതിയ കരാര്‍ കൊണ്ടുവരണം.

ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കി നിര്‍മിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. മൊത്തം 7525 കോടിയാണ് ചിലവ്. 2018 സെപ്റ്റംബര്‍ ഒന്നിനു വിഴിഞ്ഞത്ത് ആദ്യത്തെ കപ്പലടുക്കുന്ന വിധത്തിലായിരിക്കും നിര്‍മാണം പൂര്‍ത്തിയാക്കുകയെന്ന് ഗൗതം അദാനി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശ കപ്പലുകള്‍ക്ക് അടുക്കാവുന്ന തരത്തില്‍ കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കുന്നതിനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു

കഴിഞ്ഞ ദിവസം, ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനും കരാറിനെതിരെ രംഗത്തു വന്നിരുന്നു. കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്നായിരുന്നു വി.എസ് നിയമസഭയില്‍ പറഞ്ഞത്.

കരാറുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും പദ്ധതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.

Top