സിഎജി റിപ്പോർട്ട്‌, മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം : സിഎജി റിപ്പോർട്ടിൽ സർക്കാരിനെതിരായ ഭാഗം തള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം പാസാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിചിത്രമായ നടപടിയിലൂടെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുകയാണ് കമ്യൂണിസ്റ്റ് സർക്കാർ ചെയ്യുന്നത്.

കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും കളങ്കപ്പെട്ട ദിവസങ്ങളിലൊന്നാണിത്. ഫെഡറൽ വ്യവസ്ഥയെ നോക്കുകുത്തിയാക്കാനാണ് പിണറായി ശ്രമിക്കുന്നത്. കിഫ്ബി വായ്പയുടെ പേരിൽ സംസ്ഥാന സർക്കാർ ഫെഡറൽ വ്യവസ്ഥ ലംഘിച്ചത് ഭരണഘടനാ സ്ഥാപനമായ സിഎജി ചൂണ്ടിക്കാണിച്ചതാണ് ഇടതു സർക്കാരിന്റെ വെപ്രാളത്തിന് കാരണം.

ജനാധിപത്യത്തെ പരിഹസിക്കുന്ന ഇടതുസർക്കാരിന്റെ നയത്തിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കും. അഴിമതി സംരക്ഷിക്കാൻ വേണ്ടി നിയമസഭയെ ദുരുപയോഗം ചെയ്യുന്ന മറ്റൊരു സർക്കാരും രാജ്യത്ത് ഉണ്ടായിട്ടില്ല. സിഎജിയെ തകർക്കാനുള്ള പിണറായിയുടെ ആഗ്രഹം നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Top