വിജയ് മല്യയെ പോലെ പറ്റിച്ച് ഓടിയില്ല, മരണത്തിലും കാട്ടിയത് ‘ആത്മാർത്ഥത’

ബാങ്കുകളെ പറ്റിച്ച് നാട് വിട്ട് ബ്രിട്ടണില്‍ സുഖകരമായജീവിതം നയിക്കുന്ന വിജയ് മല്യയുടെ പാത എന്തായാലും വി.ജി സിദ്ധാര്‍ഥ സ്വീകരിച്ചിട്ടില്ല. അദ്ദേഹം തന്റെ പിഴവിന് മരണമാണ് പരിഹാരമായി തിരഞ്ഞെടുത്തത്.അത് കൊണ്ടു തന്നെ ഈ മരണം ജനങ്ങളെ നൊമ്പരപ്പെടുത്തുന്നതാണ്.ഒപ്പം നിരവധി ചോദ്യങ്ങളും ഈ മരണം ഉയര്‍ത്തുന്നുണ്ട്.

കഫേ കോഫീഡേ സ്ഥാപകനായ സിദ്ധാര്‍ത്ഥന് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഏറെ പ്രതിസന്ധി സൃഷ്ടിച്ചതായാണ് പുറത്ത് വരുന്ന വിവരം. 37 വര്‍ഷത്തിനിടെ 50,000 ലേറെ പേര്‍ക്ക് തൊഴില്‍ നല്‍കിയ സ്ഥാപനത്തിന്റെ കാര്യത്തില്‍ ആദായ നികുതി വകുപ്പിന് പിശക് പറ്റിയിട്ടുണ്ടെങ്കില്‍ ഇക്കാര്യം സി.ബി.ഐ അന്വേഷിക്കണം. കാരണം വിലപ്പെട്ട ഒരു ജീവനാണ് ഇവിടെ നഷ്ടമായിരിക്കുന്നത്.

മുന്‍ ആദായ നികുതി വകുപ്പ് ഡയറക്ടര്‍ ജനറലുടെ ഭാഗത്ത് നിന്നും ഏറെ പീഢനമുണ്ടായതായ വിവരം ഞെട്ടിപ്പിക്കുന്നതാണ്. മരിക്കുന്നതിന് മുന്‍പ് ജീവനക്കാര്‍ക്ക് എഴുതിയ കത്തിലാണ് ഈ വിവരമുള്ളത്.തങ്ങളുടെ ഷെയറുകള്‍ കണ്ടുകെട്ടുകയും മൈന്‍ഡ് ട്രീയുടെ ഇടപാടുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തതായാണ് സിദ്ധാര്‍ത്ഥ കത്തില്‍ ആരോപിക്കുന്നത്.

പരിഷ്‌ക്കരിച്ച നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ട് പോലും അവര്‍ തകര്‍ക്കാന്‍ ശ്രമിച്ചതായും സിദ്ധാര്‍ത്ഥ കത്തില്‍ ആരോപിക്കുന്നു. ഇതാണ് തനിക്ക് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ട സംഭവമാണിത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തിയില്‍ തെറ്റ് വന്നിട്ടുണ്ടോ എന്നതാണ് ആദ്യം പരിശോധിക്കേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് ഫലപ്രദമായി കഴിയുക സി.ബി.ഐക്കാണ്.

മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവിന് തന്നെ ഇതാണ് ഗതിയെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ അതിഭീകരമായിരിക്കും. ഗൗരവമായി ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. നിലവില്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ബി.ജെ.പിയാണ്.

പൊലീസും സി.ബി.ഐയും ആദായ നികുതി വകുപ്പുമെല്ലാം ഈ ഭരണത്തിന് കീഴിലാണ്. നിഷ്പക്ഷമായ അന്വേഷണം ഉറപ്പ് വരുത്തേണ്ട ബാധ്യത ബി.ജെ.പിക്കാണുള്ളത്.

ഒരു ബിസിനസ്സ് വളര്‍ത്തുന്നത് പോലെ തന്നെ പ്രയാസകരമാണ് നിലനിര്‍ത്തുന്നതും. താന്‍ സ്വയം ഒരു പരാജയമായി എന്ന് പറയുന്ന സിദ്ധാര്‍ത്ഥക്ക് എവിടെയാണ് പിഴച്ചതെന്ന കാര്യത്തില്‍ ആഴത്തിലുള്ള ഒരു പരിശോധന കുടുംബാംഗങ്ങളും ഓഹരി ഉടമകളും നടത്തുകയും വേണം. ബിസിനസ്സുകാര്‍ക്ക് ഈ ജീവിതം വിലപ്പെട്ട ഒരു റഫറന്‍സായിരിക്കും. കോടീശ്വരനാകാന്‍ ചിലപ്പോള്‍ എളുപ്പത്തില്‍ സാധിച്ചേക്കും പക്ഷേ എല്ലാം തകരാന്‍ നിമിഷ നേരം മതിയാകും.

താന്‍ പരാജയപ്പെട്ട ബിസിനസ്സ് മറ്റൊരാളോട് നോക്കി നടത്താന്‍ ചുമതലപ്പെടുത്തിയാണ് സിദ്ധാര്‍ത്ഥ മരണം വരിച്ചിരിക്കുന്നത്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെങ്കിലും ഇവിടെ അദ്ദേഹം ആ മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

ഓഹരികള്‍ തിരികെ വാങ്ങാന്‍ സ്വകാര്യ ഓഹരി പങ്കാളികള്‍ തന്നെ നിര്‍ബന്ധിക്കുന്നതിലുള്ള വിഷമവും സിദ്ധാര്‍ത്ഥ മറച്ച് വയ്ക്കുന്നില്ല. വലിയ കടക്കെണി താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്ന കാരവും കത്തില്‍ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.

സ്വത്ത് വിവര പട്ടിക ഉള്‍പ്പെടെ എല്ലാം കത്തിനൊപ്പം ചേര്‍ത്ത് ‘മരണത്തില്‍’ പോലും ഒപ്പം നിന്നവരെ വഞ്ചിക്കാതെയാണ് സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തിരിക്കുന്നത്. സിദ്ധാര്‍ത്ഥനെ പോലെ തന്നെ കര്‍ണ്ണാടകക്കാരനായ വിജയ് മല്യക്കില്ലാത്ത മനസ്സാണത്.

ഏത് ബഹുരാഷ്ട്ര കമ്പനികളേയും വെല്ലുന്ന തരത്തിലുള്ള വളര്‍ച്ചയായിരുന്നു കഫേ കോഫി ഡേയുടേത്. 1996ലാണ് കമ്പനി ആരംഭിക്കുന്നത്. 1993ലാണ് വി.ജി സിദ്ധാര്‍ത്ഥ ‘അമല്‍ഗമേറ്റഡ് ബീന്‍ കമ്പനി എന്ന പേരില്‍ ഒരു കോഫി വില്‍പ്പന കമ്പനി തുടങ്ങിയത്. ചിക്കമംഗലൂരില്‍ അറിയപ്പെടുന്ന കോഫി കമ്പനിയായി ഇത് വളര്‍ന്നു. 28,000 ടണ്ണിന്റെ കയറ്റുമതിയും 2,000 ടണ്ണിന്റെ പ്രാദേശിക വില്‍പനയുമായി വര്‍ഷം 350 മില്യണിന്റെ കച്ചവടം നടക്കുന്ന സ്ഥാപനമായി പിന്നീട് അത് മാറി.

ഈ കമ്പനിയാണ് ആദ്യത്തെ കഫേ ബംഗളൂരുവില്‍ തുടങ്ങാന്‍ സിദ്ധാര്‍ത്ഥയ്ക്ക് ആത്മവിശ്വാസം നല്‍കിയത്. ബംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് ആദ്യ കഫേ തുടങ്ങിയത്. കഫേ കോഫി ഡേ പിന്നീട് രാജ്യമെമ്പാടും പടര്‍ന്നു. തുടര്‍ന്ന് വിദേശത്തേയ്ക്കും. ഓസ്ട്രിയ, ചെക് റിപ്പബ്ലിക്, മലേഷ്യ, നേപ്പാള്‍, ഈജിപ്റ്റ് ഇവിടെയെല്ലാം കഫേ കോഫീ ഡേ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കപ്പെട്ടു. ഇതോടെ രാജ്യം അറിയപ്പെടുന്ന ബിസിനസ്സുകാരനായി സിദ്ധാര്‍ത്ഥ മാറുകയും ചെയ്തു.

കഫേ കോഫി ഡേയില്‍ വില്‍ക്കുന്ന കോഫിക്കുള്ള കാപ്പിക്കുരു കൃഷി ചെയ്യുന്നത് അദ്ദേഹം സ്വന്തമായി തന്നെയായിരുന്നു. 4,000 ഏക്കറോളമാണ് കാപ്പിക്കൃഷിയ്ക്ക് വേണ്ടി മാറ്റിവെച്ചത്. ഇവിടുത്തെ കാപ്പി ഗവേഷണകേന്ദ്രം മുതല്‍ കോഫി മെഷീനുകള്‍ വരെ എല്ലാറ്റിന്റേയും മോല്‍നോട്ടം സിദ്ധാര്‍ത്ഥ തന്നെയായിരുന്നു.

ബ്രിട്ടീഷുകാരുടെ കാലത്ത് കാപ്പിത്തോട്ടം തുടങ്ങിയവരായിരുന്നു സിദ്ധാര്‍ത്ഥയുടെ തലമുറക്കാര്‍. അന്ന് ചിക്കമംഗലൂരിലായിരുന്നു കാപ്പി കൃഷി. 11,000 ഏക്കര്‍ കാപ്പിത്തോട്ടമുണ്ടായിരുന്നു. 1956ല്‍ തോട്ടം ഭാഗം വയ്ച്ചപ്പോള്‍ 500 ഏക്കര്‍ മാത്രമാണ് സിദ്ധാര്‍ഥയുടെ പിതാവിനു കിട്ടിയത്. പിന്നീട് സിദ്ധാര്‍ത്ഥ് മംഗളൂരുവില്‍ നിന്ന് എംഎ ഇക്കണോമിക്‌സ് കഴിഞ്ഞ് മുംബൈയിലേക്കു പോയി. മുംബൈയില്‍ ഓഹരി നിക്ഷേപം നടത്തുന്ന കമ്പനിയില്‍ ട്രെയിനിയായി ചേര്‍ന്ന് രണ്ടു വര്‍ഷം ഓഹരി വിപണിയുടെ നൂലാമാലകള്‍ പഠിച്ചു.

പിന്നീട് തിരികെ വന്ന് ഓഹരി നിക്ഷേപത്തില്‍ നിന്ന് ഉണ്ടാക്കിയ പണം ഉപയോഗിച്ച് 1987ല്‍ 1500 ഏക്കര്‍ കാപ്പിത്തോട്ടം വാങ്ങി കൃഷി തുടര്‍ന്നു. തുടര്‍ന്ന് അതിനോടൊപ്പം കുറച്ച് കൂടി വാങ്ങി 4,000 ഏക്കറോളമാക്കി. സിദ്ധാര്‍ത്ഥയുടെ പിന്നീടുള്ള ബിസിനസ് കയറ്റുമതിയായിരുന്നു. അമാല്‍ഗമേറ്റഡ് ബീന്‍ കോഫി എന്ന പേരില്‍ തുടങ്ങിയ കയറ്റുമതി കമ്പനി രാജ്യത്തെ ഏറ്റവും പ്രമുഖ കയറ്റുമതിക്കാരാക്കി അവരെ മാറ്റി. ഇതോടൊപ്പം കാപ്പിപ്പൊടി വില്‍ക്കാനായി ബെംഗളൂരുവിലും ചെന്നൈയിലുമായി 20 കടകള്‍ ആരംഭിച്ചു. എന്നാല്‍ അതില്‍ സംതൃപ്തനാകാത്ത സിദ്ധാര്‍ത്ഥ പുതിയ വഴികള്‍ ആലോചിക്കാന്‍ തുടങ്ങി. അതില്‍ നിന്നാണ് കഫെ കോഫി ഡേയിലേക്കുള്ള വാതില്‍ തുറക്കപ്പെടുന്നത്.

വിദേശ മാതൃകകളുടെ ചുവടു പിടിച്ച് കഫേ കോഫി ഡേ എന്ന പേരില്‍ കോഫി സംരഭം ആരംഭിച്ചു. ബെംഗളൂരുവിലും ചെന്നൈയിലും ഹൈദരാബാദിലുമായി 12 എണ്ണം തുടങ്ങുകയും ചെയ്തു. 2004ല്‍ ഇത് 200ല്‍ എത്തി. ഇന്ന് രാജ്യമാകെ 210 നഗരങ്ങളിലായി 1500 കഫെ കോഫി ഡേ ഔട്ട്‌ലെറ്റുകളാണുള്ളത്. വിദേശ രാജ്യങ്ങളില്‍ മാത്രം 18 സ്റ്റോറുകളും കഫേ കോഫി ഡേക്കുണ്ട്.ഇതോടെയാണ് കോഫി മെഷീന്‍ സ്വന്തമായി നിര്‍മ്മിച്ചാല്‍ എന്താകുമെന്ന ചിന്ത സിദ്ധാര്‍ത്ഥിന് വന്നത്. മാത്രമല്ല കോഫി മെഷീന്റെ ചിലവ് കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നറിഞ്ഞ സിദ്ധാര്‍ത്ഥ 70,000-80,000 രൂപ ചിലവില്‍ കോഫി മെഷീന്‍ നിര്‍മ്മിക്കാനും തുടങ്ങി.

സ്വന്തം തോട്ടത്തില്‍ കാപ്പിക്കുരു ഉത്പാദനവും അതിന്റെ സംസ്‌ക്കരണവും കയറ്റുമതിയും ഗവേഷണവും കാപ്പിപ്പൊടി വില്‍പനയും കോഫി ഷോപ്പും കോഫി മെഷീനും എല്ലാം ചേര്‍ന്ന വലിയൊരു കോഫി ശൃംഖല തന്നെ സിദ്ധാര്‍ഥ പടുത്തുയര്‍ത്തി.വിവിധ കമ്പനികളില്‍ മൂലധന നിക്ഷേപം നടത്തുന്ന ബിസിനസും വന്‍ വിജയമായിരുന്നു. ആക്‌സെഞ്ച്വര്‍, മൈന്‍ഡ്ട്രീ, സൊനാറ്റ, ടെക്‌സസ് തുടങ്ങിയ കമ്പനികളിലായിരുന്നു ഓഹരി നിക്ഷേപം.

അടിസ്ഥാന സൗകര്യമേഖലയില്‍ ഉപകമ്പനിയായ ടാങ്ക്‌ളിന്‍ ഡവലപ്പേഴ്‌സ് വലിയ ആസ്തികളുണ്ടാക്കി. ബെംഗളൂരുവില്‍ 120 ഏക്കറില്‍ ഐടി ക്യാംപസ്. മംഗളൂരുവില്‍ ടെക് ബേ, മുംബൈയില്‍ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്, ഹോട്ടലുകള്‍,റിസോര്‍ട്ടുകള്‍ ഇതെല്ലാം കോഫി കമ്പനിയില്‍ നിന്നും സിദ്ധാര്‍ത്ഥ ഉണ്ടാക്കിയെടുത്തതാണ്. എന്നാല്‍ ഏതൊരു ബിസിനസ്സുകാരനെയും പോലെ ഒടുവില്‍ സിദ്ധാര്‍ഥയും പ്രതിസന്ധിയെ അഭിമുഖീകരിച്ചു. ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ അദ്ദേഹത്തിന് ‘മിടുക്ക്’ കുറവായിരുന്നു.

ബാങ്കുകളിലേയും ധനകാര്യ സ്ഥാപനങ്ങളിലേയും ആകെ കടം 8183 കോടിയിലെത്തി. ഐഡിബിഐ ബാങ്കിന് 4575 കോടിയാണ് കടം, യെസ് ബാങ്കിന് 274 കോടിയും, ആക്‌സിസ് ബാങ്കിന് 915 കോടിയും നല്‍കാനുണ്ട്. ആദിത്യബിര്‍ല ഫിനാന്‍സില്‍ നിന്നും 278 കോടിയാണ് കടമെടുത്തിരുന്നത്.

മൈന്‍ഡ്ട്രിയുടെ 20.4% ഓഹരി എല്‍.ആന്‍ഡ്.ടിയ്ക്ക് വിറ്റ് 3,300 കോടി നേടിയിട്ട് പോലും കടംവീട്ടാന്‍ തികയാതെയായി. അതിന് പുറമെയായിരുന്നു ആദായ നികുതി വകുപ്പും പിടിമുറുക്കിയിരുന്നത്. ഒടുവില്‍ മരണമല്ലാതെ മറ്റൊന്നും ഈ ബിസിനസ്സുകാരനെ സംബന്ധിച്ച് മുന്നിലുണ്ടായിരുന്നില്ല.

കോടികള്‍ കടമെടുത്തു മുങ്ങിയ വിജയ് മല്യയില്‍ നിന്നും വ്യത്യസ്ഥനായി ആരെയും പറ്റിക്കാതെ എല്ലാം സുരക്ഷിത കരങ്ങളെഏല്‍പ്പിച്ചും കണക്കുകള്‍ പരസ്യപ്പെടുത്തിയുമാണ് സിദ്ധാര്‍ത്ഥ ജീവന്‍ വെടിഞ്ഞിരിക്കുന്നത്. ഈ ജീവിതവും ഒരു സന്ദേശം തന്നെയാണ്.

Express View

Top