ചെങ്ങന്നൂരില്‍ ടിവി കേബിള്‍, വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിച്ചു: പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്സ്

electricity

ചെങ്ങന്നൂര്‍: കെവിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കു പിന്നാലെ ചെങ്ങന്നൂരില്‍ ടിവി കേബിള്‍, വൈദ്യൂതി ബന്ധങ്ങള്‍ വ്യാപകമായി വിച്ഛേദിച്ചു. കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കോട്ടയം പൊലീസ് സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉപരോധം നടത്തിയിരുന്നു. ഇതിനു പിന്നാലെ ബിജെപിയും എഐഎസ്എഫും സിഎസ്ഡിഎസും ഉള്‍പ്പെടെയുള്ള സംഘടനകളും പാര്‍ട്ടികളും പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

വിഷയം വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് ചെങ്ങന്നൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ കേബിള്‍, വൈദ്യുതി ബന്ധങ്ങള്‍ നശിപ്പിക്കപ്പെട്ടത്.

പുത്തന്‍കാവ്, ഇടനാട്, പാണ്ഡവന്‍പാറ, പുലിയൂര്‍, പാണ്ടനാട് പ്രദേശങ്ങളില്‍ ഏറെ നേരമായി സംപ്രേഷണമില്ല. ഏഷ്യാനെറ്റ് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ കേബിള്‍ ചെങ്ങന്നൂര്‍ മുണ്ടന്‍കാവില്‍ രണ്ടിടത്തു മുറിച്ചതായി കണ്ടെത്തി.

കെവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എതിരാകുമോ എന്ന് ഭയന്ന് സിപിഎം പ്രവര്‍ത്തകരാണ് കേബിള്‍, വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിച്ചതെന്ന് കോണ്‍ഗ്രസ്സും ആരോപിച്ചു. ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ കെവിന്‍ വിഷയത്തിലെ പ്രതിഷേധം അറിയാതിരിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെ ഭയപ്പെടുത്തിയാണ് വൈദ്യുതി ബന്ധം തടസപ്പെടുത്തിയതെന്ന് കോണ്‍ഗ്രസ്സ് നേതാവ് എം.ലിജു ആരോപിച്ചു.

Top