Cabinet Reshuffle; PM calls meet for self appraisals

ന്യൂ ഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിന് മുന്നോടിയായി ഇതുവരെയുള്ള പ്രവര്‍ത്തനം സ്വയം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പുനസംഘടന സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 30ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. യോഗത്തില്‍ അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശമാണ് മന്ത്രിമാര്‍ക്ക് ലഭിച്ചിരിക്കുന്നത്.

മന്ത്രിമാരുടേയും മന്ത്രാലയങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തുന്ന പ്രധാനമന്ത്രി, വിവിധ സംസ്ഥാനങ്ങളിലേക്ക് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പ്രധാനപ്പെട്ട സര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18ന് ആരംഭിക്കുന്നതിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭ പുനസംഘടന പൂര്‍ത്തിയാക്കാനാണ് പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ലക്ഷ്യമിടുന്നത്.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിനും പഞ്ചാബിനും പുനസംഘടനയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കാനാണ് സാധ്യത.

Top