മന്ത്രിസഭാ പുനഃസംഘടന എന്നത് സിപിഎം അജണ്ടയായി എടുത്തിട്ടില്ലെന്ന് – എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടന എന്നത് സിപിഎം അജണ്ടയായി എടുത്തിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. മുന്‍ ധാരണയനുസരിച്ച് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ രണ്ട് പാര്‍ട്ടികളിലെ മന്ത്രിമാര്‍ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘പുനഃസംഘടന സംബന്ധിച്ച് ആലോചിക്കേണ്ട പ്രശ്നമേ വരുന്നില്ല. ഇടതുമുന്നണി മുന്‍പ് തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ട് പോകും. മന്ത്രിസഭാ പുനഃസംഘടന ഇപ്പോള്‍ അജണ്ടയായി ഉദ്ദേശിക്കുന്നില്ല. എല്‍ഡിഎഫ് മുന്‍പ് തീരുമാനിച്ച ചില കാര്യങ്ങളുണ്ട്. അതില്‍ വേറെ ചര്‍ച്ചകളുടെ ആവശ്യമൊന്നും ഇല്ല’ ഗോവിന്ദന്‍ പറഞ്ഞു.ചില മന്ത്രിമാര്‍ വകുപ്പുകള്‍ മാറുമെന്നതടക്കമുള്ള കാര്യങ്ങള്‍ മാധ്യമങ്ങളുടെ ചര്‍ച്ച മാത്രമാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.എല്‍ഡിഎഫിനേയും സര്‍ക്കാരിനേയും കൂടുതല്‍ ആശയക്കുഴപ്പത്തിലേക്കും പ്രശ്നങ്ങളിലേക്കും കൊണ്ടുപോകുന്നതിനുള്ള മാധ്യമ സൃഷ്ടിയാണ് മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചയെന്ന് ഇ.പി.ജയരാജന്‍ ഇന്ന് വ്യക്തമാക്കി.

എല്‍ഡിഎഫിന്റെ മുന്‍ ധാരണപ്രകാരം ആന്റണി രാജുവിനുപകരം കെ.ബി. ഗണേഷ് കുമാറും അഹമ്മദ് ദേവര്‍കോവിലിനുപകരം രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് നവംബറോടെ മന്ത്രിയാകേണ്ടത്. കോവൂര്‍ കുഞ്ഞുമോനെ കൂടാതെ ഒരു എംഎല്‍എ മാത്രമുള്ള എല്‍ജെഡിയും മന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.ഇതിനിടെ എന്‍സിപിക്കുള്ളിലും മന്ത്രിപദവിക്കായി തര്‍ക്കമുണ്ട്. രണ്ടരവര്‍ഷം കഴിയുമ്പോള്‍ മന്ത്രിസ്ഥാനം പങ്കിടാമെന്ന് എന്‍.സി.പി.യില്‍ ധാരണയുണ്ടെന്നാണ് തോമസ് കെ. തോമസ് അവകാശപ്പെടുന്നത്. എ.കെ. ശശീന്ദ്രനെ മാറ്റി തനിക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടതാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ശശീന്ദ്രന്‍ ഇതിന് വഴങ്ങില്ലെന്ന സൂചനയാണ് നല്‍കുന്നത്.

 

Top