മന്ത്രിസഭ പുനഃസംഘടന; മന്ത്രിമാരുടെ എണ്ണം കൂട്ടാനാകില്ലെന്ന നിലപാടില്‍ എല്‍ഡിഎഫ്

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ പുനഃസംഘടിപ്പിക്കുമ്പോള്‍ മന്ത്രിമാരുടെ എണ്ണം കൂട്ടാനാകില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ്. ഇക്കാര്യം മുന്നണി യോഗത്തില്‍ വിശദീകരിക്കും. അതേസമയം കെബി ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം ലഭിക്കും. എന്നാല്‍ മന്ത്രിസ്ഥാനം വേണമെന്ന എല്‍ജെഡിയുടെയും എന്‍സിപി അംഗം തോമസ് കെ തോമസിന്റെയും ആവശ്യം തള്ളിക്കളയും.

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രി പദവി മുന്‍ നിശ്ചയിച്ച പ്രകാരം ലഭിക്കും. സോളാര്‍ കേസില്‍ കോടതി ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രം ഗണേഷിന്റെ കാര്യത്തില്‍ പുനരാലോചന നടത്തിയാല്‍ മതിയെന്നാണ് ഇടതുമുന്നണി നേതൃത്വത്തിലും സിപിഎം നേതൃത്വത്തിലും ഉണ്ടായിരിക്കുന്ന ധാരണ.

കോവൂര്‍ കുഞ്ഞുമോന്റെ ആവശ്യവും പരിഗണിക്കില്ല. 2021 ലെ തെരഞ്ഞെടുപ്പ് ധാരണ പ്രകാരമുള്ള മാറ്റം മാത്രം മതിയെന്ന നിലപാടിലാണ് എല്‍ഡിഎഫ്. പ്രായോഗിക പ്രശ്‌നം എല്‍ജെഡിയെ അറിയിക്കും. അതിനിടെ കൃഷ്ണന്‍കുട്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള ജെഡിഎസിലെ നീക്കവും ഫലം കാണില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മാറ്റം വേണ്ടെന്ന നിലപാടിനാണ് ജെഡിഎസില്‍ മുന്‍തൂക്കം. മന്ത്രിയാകണമെന്ന തോമസ് കെ തോമസിന്റെ ആഗ്രഹത്തിന് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയില്ല. എകെ ശശീന്ദ്രന്‍ തുടരട്ടെയെന്നാണ് എന്‍സിപി നിലപാട്.

Top