‘ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍’; നിര്‍ണായക മന്ത്രിസഭായോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭ സമ്മേളനം ഡിസംബർ അഞ്ചുമുതൽ 15 വരെ ചേരാൻ സർക്കാർ തലത്തിൽ ആലോചന. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ സഭയിൽ അവതരിപ്പിച്ചേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം സഭാ സമ്മേളനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ നിയമ സർവകലാശാല ഒഴികെയുള്ള സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവർണറാണ് ചാൻസലർ പദവിയിൽ ഇരിക്കുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലാണ് അടുത്തമാസം ചേരുമെന്ന് കരുതുന്ന സഭാ സമ്മേളനത്തിൽ പ്രധാനമായി കൊണ്ടുവരിക.

നിലവിൽ വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിലുള്ള പോര് ഓരോ ദിവസം കഴിയുന്തോറും മുറുകുകയാണ്്. നേരത്തെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതിന് ഓർഡിനൻസ് കൊണ്ടുവരാനാണ് സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ ഗവർണറുമായുള്ള പോര് കടുപ്പിച്ച് സഭയിൽ ബിൽ കൊണ്ടുവരാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതിലൂടെ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി ആർജ്ജിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.

നിലവിൽ വിവിധ സർവകലാശാലകളിൽ വ്യത്യസ്ത നിയമമാണ്. അതിനാൽ ഓരോന്നിനും ബിൽ കൊണ്ടുവന്ന് അവതരിപ്പിക്കണം. നിലവിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ബിൽ തയ്യാറാക്കുന്നതിനുള്ള തിരക്കിലാണ്. ബില്ലിൽ ഗവർണർ ഒപ്പിടാതെ വന്നാൽ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്.

Top