നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം

കാസര്‍കോട്: സംസ്ഥാനത്ത് നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. കൂടുതല്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവായത് ആശ്വാസമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. മലബാറില്‍ പ്രതിരോധ പ്രവര്‍ത്തനം തുടരും. കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയത് നേട്ടമായെന്നും യോഗം വിലയിരുത്തി. വിദേശത്ത് നിന്ന് ആന്റി ബോഡി മരുന്ന് കൊണ്ടുവരാനുള്ള നടപടികള്‍ ശക്തമാക്കുമെന്നും ലക്ഷണങ്ങളുള്ളവരെ അടിയന്തരമായി പരിശോധിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്തെ നിപ ഭീതി ഒഴിയുകയാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുണെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി.

മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്. 21 ഫലങ്ങള്‍ കൂടിയാണ് ഇനി വരാനുള്ളത്. നിരീക്ഷണകാലം ഇരട്ടിയാക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

 

Top