വിദ്യാര്‍ത്ഥി യൂണിയനുകള്‍ നിയമവിധേയം ; കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ രൂപീകരിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ന്യായമായ താല്‍പര്യങ്ങളും അക്കാദമിക് അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്താനും ലക്ഷ്യമിട്ട് നിയമ നിര്‍മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.

ഇതു സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിയമസഭസമ്മേളനത്തിന് ശേഷം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. യൂനിയന്‍ പ്രവര്‍ത്തനവും തെരഞ്ഞെടുപ്പും തടയണമെന്നാവശ്യപ്പെട്ട് ഏതാനും കോളജ് മാനേജ്മന്റെുകള്‍ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തീരുമാനിച്ചത്.

2019-ലെ കേരള വിദ്യാര്‍ത്ഥി യൂണിയനുകളും വിദ്യാര്‍ത്ഥി പരിഹാര അതോറിറ്റിയും ആക്ട് എന്നാണ് നിര്‍ദിഷ്ട നിയമത്തിന്‍റെ പേര്. സംസ്ഥാനത്തെ കേന്ദ്ര സര്‍വകലാശാലയും കല്‍പ്പിത സര്‍വകലാശാലകളും ഉള്‍പ്പെടെയുള്ള എല്ലാ സര്‍വകലാശാലകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിന്‍റെ പരിധിയില്‍ വരും.

അധികാരസ്ഥാനത്തുള്ളവര്‍ക്കെതിരെയുള്ള പരാതി വിദ്യാര്‍ഥികള്‍ അതോറിറ്റിക്കാണ് നല്‍കേണ്ടത്. പരാതി ശരിയെന്നുകണ്ടാല്‍ തിരുത്താന്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കാം. പരമാവധി 10 ലക്ഷം രൂപ വരെ പിഴ ചുമത്താന്‍ അതോറിറ്റിക്ക് അധികാരമുണ്ടാകും. വ്യാജ പരാതിയെങ്കില്‍ വിദ്യാര്‍ഥിയില്‍നിന്ന് പിഴയീടാക്കാം.

Top