കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം ഒരു വര്‍ഷത്തേയ്ക്ക് 30 ശതമാനം വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ കോവിഡ്-19 സൃഷ്ടിച്ച ആഘാതത്തെ മറികടക്കാന്‍ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

30 ശതമാനം ശമ്പളമായിരിക്കും വെട്ടിക്കുറക്കുക. ഇതിനായുള്ളപ്രത്യേക ഓര്‍ഡിനന്‍സിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കായിരിക്കും ശമ്പളം വെട്ടിക്കുറയ്ക്കുക. ഈ തുക ഒരു സഞ്ചിത നിധിയിലേക്ക് പോകും.

എംപി ഫണ്ടും രണ്ട് വര്‍ഷത്തേക്ക് ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്, എംപി ഫണ്ട് സഞ്ചിത നിധിയിലേക്ക് പോകും .2020-2021,2021-2022 വര്‍ഷങ്ങളിലെ എംപി വികസന ഫണ്ടാണ് വേണ്ടെന്ന് വയ്ക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി,രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സംസ്ഥാന ഗവര്‍ണര്‍മാര്‍ എന്നിവരും സാമൂഹത്തോടുള്ള ഉത്തരവാദിത്തമെന്ന നിലയില്‍ ശമ്പളത്തിന്റ മുപ്പത് ശതമാനം വേണ്ടെന്ന് വയ്ക്കാന്‍ സ്വമേധയാ തയ്യാറായതായും ജാവഡേക്കര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ സമാഹരിക്കുന്ന തുകയും കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോവുക.

Top