തിരുവനന്തപുരം: സമഗ്രമായ കേരള നഗരനയ കമ്മീഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ച് നഗരവല്‍ക്കരണവുമായി ബന്ധപ്പെടുത്തി കേരളത്തിന്റെ വികസനത്തെ സഹായിക്കുന്നതിന് വേണ്ടിയാണ് നഗരനയ കമ്മീഷന്‍ രൂപീകരിക്കുന്നത്.
ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണ് കമ്മീഷനുള്ളത്. കിലയുടെ നഗരഭരണ പഠന കേന്ദ്രമായിരിക്കും കമ്മീഷന്‍ സെക്രട്ടറിയേറ്റായി പ്രവര്‍ത്തിക്കുക. ഇതിനായി ഒരു നഗര നയ സെല്‍ രൂപീകരിക്കും. ലോകത്തെ വിവിധ നഗരങ്ങളില്‍ പരന്നു കിടക്കുന്ന സമൂഹം എന്ന നിലയില്‍ ആഗോളമായി ബന്ധപ്പെട്ട് കിടക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവല്‍ക്കരണത്തെ കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് കമ്മിഷന്‍ പ്രവര്‍ത്തനം സഹായകമാവുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കാലാവസ്ഥാ വ്യതിയാനം ഏറ്റവും ശക്തമായി ബാധിച്ച സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീര്‍ണമായ നഗരവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമാവുന്ന പ്രദേശം എന്ന നിലയിലും കേരളത്തിന്റെ നഗരവല്‍ക്കരണത്തിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കുന്നതിന് ഇതിലൂടെ കഴിയുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
2035ഓടെ 92.8 ശതമാനത്തിന് മുകളില്‍ നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമായി കേരളം മാറുമെന്നാണ് ദേശീയ ജനസംഖ്യാ കമ്മീഷന്‍ വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ കരട് നഗര നയത്തിന്റെ ചട്ടക്കൂട് 2018ല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നഗര വികസനം സംസ്ഥാന വിഷയമായതിനാല്‍ ഓരോ സംസ്ഥാനവും പ്രത്യേകമായി നഗര നയം പ്രസിദ്ധപ്പെടുത്തണമെന്ന് ഈ റിപോര്‍ട്ട് ശുപാര്‍ശ ചെയ്തു. അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെ ആദ്യമായി സ്വന്തം നഗര നയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.ഈ മേഖലയിലെ വിദഗ്ദ്ധനായ ഡോ. എം സതീഷ് കുമാര്‍ ആയിരിക്കും കമ്മീഷന്‍ അദ്ധ്യക്ഷന്‍. യു കെയിലെ ബെല്‍ഫാസ്റ്റ് ക്വീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ അസ്സോഷിയേറ്റ് പ്രൊഫസര്‍ എം സതീഷ് കുമാര്‍. സഹ അധ്യക്ഷരായി കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍, അഹമ്മദാബാദ് സെപ്റ്റ് മുന്‍ അധ്യാപകനും നഗരാസൂത്രണ വിദഗ്ദ്ധനുമായ ഡോ. ഇ നാരായണന്‍ എന്നിവരെയും നിയമിക്കാന്‍ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയാവും. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തന പരിചയമുള്ള ഡോ ജാനകി നായര്‍, കൃഷ്ണദാസ്,ഡോ കെ എസ ജെയിന്‍സ്, വി സുരേഷ്, ഹിതേഷ് വൈദ്യ, ഡോ. അശോക് കുമാര്‍, ഡോ. വൈ വി എന്‍ കൃഷ്ണമൂര്‍ത്തി, പ്രൊ. കെ ടി രവീന്ദ്രന്‍, തെക്കിന്ദര്‍ സിങ് പന്‍വാര്‍ എന്നീ വിദഗ്ദ്ധ അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് കമ്മീഷന്‍.