കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഊര്‍ജ്ജിതമായ കാര്‍ഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് 2013ലെ കമ്പനി നിയമ പ്രകാരം കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനക്കും സംസ്‌കരണത്തിനും ഊന്നല്‍ നല്‍കുന്നതിനായി അഗ്രി പാര്‍ക്കുകളും ഫ്രൂട്ട് പാര്‍ക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപീകരിക്കുന്നതിലൂടെ സാധ്യമാകും.

കൃഷി വകുപ്പ് കേന്ദ്രീകരിച്ച് കാര്‍ഷിക ഉത്പ്പന്നങ്ങളുടെ വിപണി കൈകാര്യം ചെയ്യുന്നതിനും കാര്‍ഷികോല്പാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജന്‍സിയായി പ്രവര്‍ത്തിക്കാനും കമ്പനിക്കാവും. കേരളത്തിന്റെ കാര്‍ഷിക ഉത്പ്പന്നങ്ങളുടെ ഗുണമേന്മകള്‍ പ്രചാരത്തിലാകുന്ന തരത്തില്‍ പൊതു ബ്രാന്‍ഡിങ്ങും കമ്പനിയുടെ ലക്ഷ്യമാണ്.

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് കമ്പനി മാതൃകയില്‍ സംസ്ഥാന സര്‍ക്കാരിന്റെ 33% ഓഹരി വിഹിതവും കര്‍ഷകരുടെ 24% ഓഹരി വിഹിതവും, കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള കര്‍ഷക കൂട്ടായ്മകളുടെ 25% ഓഹരി വിഹിതവും ഉള്‍പ്പെടും. കൃഷി വകുപ്പ് മന്ത്രി ചെയര്‍മാനും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടര്‍, ധനകാര്യ വകുപ്പിന്റെ പ്രതിനിധി, കേരള അഗ്രോ ഇന്റസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ പ്രാരംഭ ഡയറക്ടര്‍മാരുമാകും.

Top