മന്ത്രിസഭാ വികസനം നാളെ; ദേവേന്ദ്ര ഫഡ്‌നാവിസ് ആഭ്യന്തര മന്ത്രിയാവുമെന്ന് സൂചന

മുംബൈ: മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെ സർക്കാറിന്റെ മന്ത്രിസഭാ വികസനം നാളെയുണ്ടാവുമെന്ന് റിപ്പോർട്ട്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്നാണ് വിവരം. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിമതർ ബിജെപി പിന്തുണയോടെ സർക്കാർ രൂപീകരിച്ച് 40 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭാ വികസനം നടക്കാൻ പോകുന്നത്.നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയുന്നതിന് മുമ്പ് മന്ത്രിസഭാ വികസനം നടക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഡൽഹിയിൽ മാധ്യമപ്രവർത്തകരെ കണ്ട ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. ജൂൺ 30ന് അധികാരമേറ്റത് മുതൽ രണ്ട് അംഗങ്ങളുമായാണ് മഹാരാഷ്ട്ര ഗവൺമെന്റ് പ്രവർത്തിക്കുന്നത്.

നീതി ആയോഗ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഫഡ്‌നാവിസും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും കഴിഞ്ഞ ദിവസം ഡൽഹിയിലുണ്ടായിരുന്നു. ഈ സമയത്ത് മന്ത്രിസഭാ വികസനം അടക്കമുള്ള കാര്യങ്ങളിലും ചർച്ച നടന്നിരുന്നു. ശിവസേന വിമതർ ഒപ്പമെത്തിയതോടെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം വലിയ നേട്ടമുണ്ടാക്കാനാവുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ പവാർ കുടുംബത്തിന്റെ ശക്തികേന്ദ്രങ്ങളിൽ പാർട്ടി സ്വാധീനം മെച്ചപ്പെടുത്താൻ ധനമന്ത്രി നിർമല സീതാരാമന് ചുമതല നൽകിയതായി ഫഡ്‌നാവിസ് പറഞ്ഞു. ശരത് പവാറിന്റെ സുപ്രിയ സുലെയാണ് ഇപ്പോൾ ഇവിടെനിന്നുള്ള എം.പി.പ്രതിപക്ഷ പാർട്ടികൾ തുടർച്ചയായി വിജയിക്കുന്ന മഹാരാഷ്ട്രയിലെ 16 പാർലമെന്റ് മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ പ്രത്യേക പ്രവർത്തന രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേനാ സഖ്യമാണ് മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Top