ഇന്ത്യയ്ക്കുവേണ്ടി അമേരിക്കയില്‍ നിന്ന് വാങ്ങുന്നത് 24 അത്യാധുനിക ഹെലികോപ്റ്റര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി അമേരിക്കയില്‍ നിന്ന് വാങ്ങുന്നത് 24 അത്യാധുനിക ഹെലികോപ്റ്ററുകള്‍. പുതിയ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയാണ് ഹെലികോാപ്റ്റര്‍ വാങ്ങാനുള്ള തീരുമാനത്തിന് അനുമതിയായത്. എം.എച്ച്-60ആര്‍ സീഹോക് ഹെലികോപ്റ്ററുകളാണ് വാങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 260 കോടി ഡോളറിന്റേതാണ് ഇടപാട്.

കഴിഞ്ഞ വര്‍ഷം നിര്‍മലാ സീതാരാമന്‍ പ്രതിരോധ മന്ത്രിയായിരുന്ന സമയത്ത് ഇടപാടുമായി മുന്നോട്ടുപോകാനുള്ള തീരുമാനമെടുത്തിരുന്നതാണ്. അമേരിക്കന്‍ ആയുധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നത്. ഇടപാടിന് സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയുടെ അനുമതി ലഭിച്ചതോടെ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് കരുതുന്നത്.

ഹെല്‍ഫയര്‍ മിസൈല്‍, ടോര്‍പീഡോകള്‍ എന്നി ആയുധങ്ങളാണ് സീഹോക് ഹെലികോപ്റ്ററില്‍ ഉപയോഗിക്കുന്നത്. അന്തര്‍വാഹിനികളെ കണ്ടെത്താനുള്ള സംവിധാനവും ഈ ഹെലികോപ്റ്ററിലുണ്ട്. ചൈനീസ് സാന്നിധ്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നാവിക സേനയ്ക്ക് കരുത്ത് വര്‍ധിപ്പിക്കാന്‍ സീഹോക് ഹെലികോപ്റ്ററുകളുടെ വരവോടെ സാധിക്കുമെന്നാണ് കരുതുന്നത്. ഹെലികോപ്റ്ററിനൊപ്പം അതിലുപയോഗിക്കുന്ന റഡാര്‍, ടോര്‍പീഡോകള്‍, 114 ഹെല്‍ഫയര്‍ മിസൈലുകള്‍ എന്നവയടങ്ങുന്നതാണ് കരാര്‍.

Top