തിരുവനന്തപുരം-കാസര്‍ഗോഡ് അതിവേഗ റെയില്‍ പദ്ധതി: മന്ത്രിസഭ അംഗീകാരം നല്‍കി

തിരുവനന്തപുരം: തിരുവനന്തപുരം – കാസര്‍കോട് അതിവേഗ റെയില്‍ ഇടനാഴി പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. നാലുമണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടു വരെ യാത്ര ചെയ്യാവുന്ന പദ്ധതി 2024-ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ ഗതാഗതരംഗത്ത് വന്‍ വികസനത്തിന് വഴിയൊരുക്കുന്ന പദ്ധതിക്കാണ് സര്‍ക്കാരിന്റെ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്.ആറുവരി ദേശീയപാതയില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിന് തുല്യമായ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ഈ റെയില്‍ ഇടനാഴിക്കു കഴിയും എന്നാണ് പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിവേഗ തീവണ്ടിയില്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്താന്‍ 4 മണിക്കൂറും, തിരുവനന്തപുരം എറണാകുളം യാത്രക്ക് ഒന്നരമണിക്കൂറും മാത്രം മതിയാകും.

തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും തുടങ്ങി കാസര്‍കോടു വരെ 532 കിലോമീറ്റര്‍ ദൂരത്തില്‍ പൂര്‍ത്തിയാക്കുന്ന റെയില്‍പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും ട്രെയിന്‍ ഓടുന്നത്. 66,079 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 7720 കോടി വീതം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമായി ലഭിക്കും. 34454 കോടി രൂപ വായ്പകളിലൂടെ സ്വരൂപിക്കും. ഭൂമി ഏറ്റെടുക്കലിനായി സര്‍ക്കാര്‍ 8656 കോടി ചെലവാക്കേണ്ടി വരും. ആകെ 1200 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷനാണ് പദ്ധതിയുടെ നിര്‍മാണചുമതല.

Top