പ്രതിഷേധങ്ങള്‍ക്ക് ശമനം; ഷില്ലോങില്‍ കര്‍ഫ്യൂവില്‍ ഇളവ്

ഷില്ലോങ്: പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധങ്ങള്‍ക്ക് ശമനമായതോടെ ഷില്ലോങില്‍ കര്‍ഫ്യൂവില്‍ ഇളവ്.രാത്രി 10 വരെയാണ് ഇളവ് നല്‍കിയിരിക്കുന്നത്.

അതിനിടെ പ്രതിഷേധങ്ങള്‍ക്ക് ശമനമായതോടെ ഗുവാഹാട്ടിയിലും കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിരുന്നു. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെയാണ് ജില്ലാ ഭരണകൂടം കര്‍ഫ്യൂ ഇളവ് നല്‍കിയത്. എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് നീക്കിയിട്ടില്ല. അനിശ്ചിതകാല കര്‍ഫ്യൂ നിലനില്‍ക്കുന്ന അസമിലെ 10 ജില്ലയില്‍ ഇന്റര്‍നെറ്റ് വിലക്ക് 48 മണിക്കൂര്‍കൂടി നീട്ടി.

ഗുവാഹാട്ടിയില്‍ വെള്ളിയാഴ്ച രാത്രിയില്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാലാണ് നിരോധനാജ്ഞയ്ക്ക് ഇളവ് വരുത്തിയിരിക്കുന്നത്. സൈന്യവും പോലീസും കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലും നോര്‍ത്ത് 24 പര്‍ഗാനസിലും, ഹൌറയുടെ ഗ്രാമീണ മേഖലയിലും പ്രതിഷേധം അക്രമാസക്തമായി. റോഡ്-റെയില്‍ സര്‍വ്വീസുകളും പ്രതിഷേധക്കാര്‍ തടഞ്ഞിരിക്കുകയാണ്. കൂടാതെ ഡല്‍ഹി ജാമിയ മിലിയയില്‍ ഇന്നും പ്രതിഷേധം നടക്കുകയാണ്.

Top