ഇത് വിചാരണ കോടതിയല്ല, ഹര്‍ജികളുടെ പ്രളയം അലോസരപ്പെടുത്തുന്നു; സുപ്രീംകോടതി

പൗരത്വ ഭേദഗതി നിയമം ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ ആവില്ലെന്ന് സുപ്രീം കോടതി. ഇത് വിചാരണ കോടതി അല്ലെന്നും ഹര്‍ജികളുടെ പ്രളയം അലോസരപ്പെടുത്തുന്നുവെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു.

ആദ്യം ഹൈക്കോടതികളെ സമീപിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. ഇത്തരത്തിലുള്ള പരാതികളുടെ പ്രളയത്തില്‍ കടുത്ത അതൃപ്തിയാണ് ചീഫ് ജസ്റ്റിസ് പ്രകടിപ്പിച്ചത്. എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷപദവി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബിജെപി നേതാവ് അശ്വിനി ഉപാദ്ധ്യായ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 2017ല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

അശ്വിനി ഉപാദ്ധ്യായ അക്രമങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികളാണ് നല്‍കിയത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലും മറ്റും വലിയ അക്രമമാണ് പ്രതിഷേധങ്ങള്‍ക്കിടെ നടന്നത്. തീവണ്ടികള്‍ കത്തിക്കുന്നതുള്‍പ്പടെയുള്ള അക്രമസംഭവങ്ങള്‍ അവിടെ നടന്നു. ഇക്കാര്യത്തെക്കുറിച്ച് സിബിഐയുടെയും എന്‍ഐഎയുടെയും അന്വേഷണത്തിന് സുപ്രീംകോടതി ഇടപെടണം എന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്തത് എന്ന് ഒരു കണക്കെടുപ്പ് ആവശ്യമാണ് എന്നതായിരുന്നു അശ്വിനി ഉപാധ്യായയുടെ രണ്ടാമത്തെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഈ ആവശ്യവും സുപ്രീംകോടതി തള്ളി.

സംസ്ഥാനാടിസ്ഥാനത്തിലല്ല, ദേശീയാടിസ്ഥാനത്തിലാണ് മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതെന്ന് കോടതി പറഞ്ഞു. മതം നിലനില്‍ക്കുന്നത് ഇന്ത്യയില്‍ ആകമാനമാണ്, സംസ്ഥാനങ്ങളുടെ രാഷ്ട്രീയാതിര്‍ത്തികള്‍ക്കുള്ളിലല്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ ഇടപെട്ട് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ സംസാരിച്ചു. ഹിന്ദു വിഭാഗം എട്ട് സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

Top