കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കി അമേരിക്കയുടെ സി.ആർ.എസ് റിപ്പോർട്ട്

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രം നിലപാട് ശക്തമാക്കിയിരിക്കെ പ്രക്ഷോഭവും ശക്തമാവുന്നു.

പൗരത്വ നിയമവും എന്‍.ആര്‍.സിയും ഇന്ത്യന്‍ മുസ്ലീമുകളെയും ബാധിക്കുമെന്ന അമേരിക്കന്‍ റിപ്പോര്‍ട്ടാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ 20 കോടി ജനസംഖ്യയുള്ള മുസ്ലീമുകളെയാണ് നിയമം ബാധിക്കുകയെന്നാണ് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ ഗവേഷണ വിഭാഗമായ റിസര്‍ച്ച് സര്‍വ്വീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് രാജ്യത്തിന്റെ പൗരത്വ പ്രകിയയില്‍ മതം മാനദണ്ഡമായി ചേര്‍ത്തിരിക്കുന്നതെന്നും ഡിസംബര്‍ 18 ലെ റിപ്പോര്‍ട്ടില്‍ സി.ആര്‍.എസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

‘1955 ലെ പൗരത്വ നിയമത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കു പൗരത്വം നല്‍കുന്നതു വിലക്കുന്നുണ്ട്. മാത്രമല്ല, 1955 മുതല്‍ ഈ നിയമത്തില്‍ വരുത്തിയ നിരവധി ഭേദഗതികളില്‍ ഒന്നും തന്നെ മതപരമായ വശങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. മുസ്ലിങ്ങളെ ഒഴിവാക്കിക്കൊണ്ട് മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ആറു മതങ്ങളിലെ കുടിയേറ്റക്കാര്‍ക്കു പൗരത്വം നല്‍കാനുദ്ദേശിക്കുന്ന നിയമം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 എന്നിവ ലംഘിക്കുന്നുവെന്നും സിആര്‍എസ് ചൂണ്ടികാട്ടുന്നു.

അടിച്ചമര്‍ത്തപ്പെട്ട മുസ്ലിം ന്യൂനപക്ഷങ്ങളായ പാക്കിസ്ഥാനിലെ അഹമ്മദിയകള്‍, ഷിയകള്‍ എന്നിവര്‍ക്ക് നിയമത്തിന്റെ കീഴില്‍ സംരക്ഷണം ലഭിക്കാതിരിക്കുന്നതും സിആര്‍എസ് ചോദ്യം ചെയ്യുന്നുണ്ട്. അമേരിക്കയുടെ ആഭ്യന്തര രാജ്യാന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ ആനുകാലിക റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന വിഭാഗമാണ് സിആര്‍എസ്.

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും മതപരമായ പീഡനങ്ങളെ തുടര്‍ന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നതാണ് പൗരത്വ (ഭേദഗതി) നിയമം. പാര്‍ലമെന്റിന്റെ ഇരുസഭകളും ഈ മാസം ആദ്യം പാസാക്കിയ നിയമത്തില്‍ നിന്ന് മുസ്ലിം വിഭാഗങ്ങളെ പരാമര്‍ശിക്കാതെ ഒഴിവാക്കിയതിനെതിരെയാണ് രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കുന്നത്.

അമേരിക്കന്‍ കോണ്‍ഗ്രസ്സ് റിസര്‍ച്ച് സര്‍വ്വീസിന്റെ പുതിയ റിപ്പോര്‍ട്ട് എരിതീയില്‍ എണ്ണ ഒഴിക്കുന്ന അവസ്ഥയാണിപ്പോള്‍ രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്.

പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരാനാണ് ഈ റിപ്പോര്‍ട്ട് വഴിവച്ചിരിക്കുന്നത്.

സ്വത്ത് കണ്ട് കെട്ടിയും അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചും യു.പി. സര്‍ക്കാര്‍ ഉള്‍പ്പെടെ സമരത്തെ അടിച്ചമര്‍ത്താനാണ് നിലവില്‍ ശ്രമിക്കുന്നത്. ഡല്‍ഹിയിലും വ്യാപകമായ പ്രതികാര നടപടികളാണ് അരങ്ങേറുന്നത്.ഇവിടെ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു.യു.പിയിലും ഡല്‍ഹിയിലും വ്യാപകമായാണ് ഇന്റര്‍നെറ്റ് വിഛേദിച്ചിരിക്കുന്നത്. കൂട്ടം കൂട്ടുന്നത് നിരോധിച്ചതോടെ ഒറ്റയായ പ്രതിഷേധത്തിനും ഇപ്പോള്‍ രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐയാണ് വ്യത്യസ്തമായ ഈ സമര രീതിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ഇന്ത്യയെ നിരോധനങ്ങളുടെ റിപ്പബ്ലിക്കാക്കാന്‍ നോക്കുന്ന ഭരണകൂടത്തിന് താക്കീതായാണ് ഒറ്റയാള്‍ സമരങ്ങളെന്നാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരിക്കുന്നത്.

കീഴടങ്ങാനും കെട്ടുപോവാനും വേണ്ടിയല്ല ആളിക്കത്താന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. എസ്.എഫ്.ഐയും പ്രക്ഷോഭരംഗത്ത് സജീവമാണ്. ക്രിസ്തുമസ് അവധിക്ക് ശേഷം കാമ്പസുകള്‍ സജീവമാകുന്നതോടെ പ്രക്ഷോഭവും ഇനി കൂടുതല്‍ കരുത്താര്‍ജിക്കും.

അക്രമപാതയിലേക്ക് ഒരിക്കലും സമരത്തെ കൊണ്ടു പോകരുതെന്ന നിര്‍ദേശവും കര്‍ശനമായി ഇടത് നേതൃത്വം അണികള്‍ക്ക് നല്‍കിയിട്ടുണ്ട്.

അതേ സമയം ഭരണകൂട അടിച്ചമര്‍ത്തലുകളെ ചെറുത്ത് തോല്‍പ്പിക്കാനും നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡല്‍ഹി ജെ.എന്‍.യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കൂടിയായ എസ്.എഫ്.ഐ നേതാവ് ഐഷേ ഗോഷ് ആണ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഇവിടെ നേതൃത്വം കൊടുക്കുന്നത്.

കേരളത്തില്‍ ജനുവരി 26 ന് നടക്കുന്ന മനുഷ്യചങ്ങലയില്‍ കാമ്പസുകള്‍ ഒന്നാകെ അണിനിരക്കുമെന്നാണ് എസ്.എഫ്.ഐ അവകാശപ്പെടുന്നത്.

ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ സമരമായിരിക്കും രാജ്യത്തെ ഏറ്റവും വലിയ പ്രക്ഷോഭമായി ഇനി വിലയിരുത്തപ്പെടുക.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കേരളത്തെ നെഞ്ചു കൊണ്ട് അളക്കുന്ന സമരമാണിത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലിതുള്ളുന്ന മമതക്ക് പോലും ഇത്തരം ഒരു സമരം ബംഗാളില്‍ ചിന്തിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.

പൗരത്വ രജിസ്റ്റര്‍ വിവാദത്തില്‍ വെട്ടിലായ കോണ്‍ഗ്രസ്സ് പ്രക്ഷോഭരംഗത്ത് സജീവമായി ക്ഷീണം തീര്‍ക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് രാജ് ഭവനിലേക്ക് രാജ്യവ്യാപകമായി മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഇടതുപക്ഷ സംഘടനകള്‍ പ്രക്ഷോഭത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് കണ്ടാണ് തന്ത്രപരമായ ഈ നീക്കം.

മതത്തെ അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്ര തത്വസംഹിതയിലാണെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്.

മനുസ്മൃതിയെ അവലംബമാക്കി വി ഡി സവര്‍ക്കറും എം എസ് ഗോള്‍വാള്‍ക്കറും വിഭാവനം ചെയ്തതാണ് ഹിന്ദുരാഷ്ട്രം. പാകിസ്ഥാന്‍ മുസ്ലിം രാഷ്ട്രമാക്കി പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ശിഷ്യന്മാരും ആര്‍എസ്എസും ആവശ്യപ്പെട്ടു. അതിനെ തള്ളിയാണ് നെഹ്റുവും അംബേദ്കറുമെല്ലാം ചേര്‍ന്ന് മതവിവേചനം അനുവദിക്കാതിരുന്നതെന്നും ഇടതു പക്ഷം ചൂണ്ടികാട്ടുന്നു. മതനിരപേക്ഷതയ്ക്ക് കാതല്‍ നല്‍കുന്നതും പൗരസമത്വം ഉറപ്പാക്കുന്നതുമായ ഭരണഘടനയ്ക്കാണ് പിന്നീട് രൂപം നല്‍കിയിരുന്നത്. ഇതാണ് നിയമനിര്‍മാണ സഭ അംഗീകരിച്ചിരുന്നത്.

ഇപ്രകാരമുള്ള മഹത്തായ ഭരണഘടനയുടെ അടിസ്ഥാനതത്വത്തെ കാറ്റില്‍ പറത്തുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്നാണ് ഇടത് പക്ഷം തുറന്നടിക്കുന്നത്.

പുതിയ സാഹചര്യത്തില്‍ ബി.ജെ.പി ഇതര പാര്‍ട്ടികളുടെയും സംഘടനകളുടെയും വിപുലമായ ഒരു ഐക്യമാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. അത്തരമൊരു ഐക്യത്തിന് മാത്രമേ കരിനിയമങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുകയൊള്ളൂ എന്നതാണ് നിലപാട്. എന്നാല്‍ രണ്ട് വഞ്ചിയില്‍ കാല് വയ്ക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ നിലപാടാണ് യോജിച്ച പ്രക്ഷോഭത്തിന് ഇപ്പോള്‍ വലിയ പാരയായിരിക്കുന്നത്. കേരളത്തിലടക്കം ഇത് പകല്‍പോലെ വ്യക്തവുമാണ്.

Staff Reporter

Top