പ്രതികരിക്കാത്തവരെ തേടി അവരെത്തും, നീമോളറുടെ ആ വാചകങ്ങൾ പ്രസക്തം !

പ്രസിദ്ധ നാസി വിരുദ്ധ പ്രവര്‍ത്തകനായ ഫ്രഡറിക് ഗുസ്താവ് എമില്‍ മാര്‍ട്ടിന്‍ നീമൊളെറുടെ പ്രസിദ്ധമായ ചില വരികളുണ്ട്.,

അത് ഇങ്ങനെയാണ്. ‘ആദ്യം അവര്‍ കമ്യൂണിസ്റ്റുകളെ തേടി വന്നു ഞാന്‍ മിണ്ടിയില്ല, കാരണം ഞാനൊരു കമ്യൂണിസ്റ്റായിരുന്നില്ല. പിന്നീട് അവര്‍ ജൂത്മാരെ തേടിയെത്തി, അപ്പോഴും ഞാന്‍ പ്രതികരിച്ചില്ല കാരണം ഞാനൊരു ജൂതനായിരുന്നില്ല. തുടര്‍ന്നവര്‍ ട്രേഡു യൂണിയര്‍ നേതാക്കളെ തിരക്കി വന്നു ഞാന്‍ മിണ്ടിയില്ല കാരണം ഞാനൊരു ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നില്ല. ഇതിനു ശേഷം അവര്‍ വന്നത് കത്തോലിക്കന്മാരെ തേടിയായിരുന്നു അപ്പോഴും ഞാന്‍ മിണ്ടിയില്ല. കാരണം ഞാനൊരു കത്തോലിക്കനായിരുന്നില്ല .ഒടുവില്‍ അവര്‍ എന്നെ തന്നെ തേടിയെത്തി അപ്പോള്‍ എനിക്കു വേണ്ടി ശബ്ദിക്കുവാന്‍ ആരും അവശേഷിച്ചിരുന്നില്ല’.

നീമുള്ളറുടെ ഈ വരികള്‍ വര്‍ത്തമാനകാല ഇന്ത്യയിലും ഇപ്പോള്‍ പ്രസക്തം തന്നെയാണ്.

പൗരത്വബില്‍ ഒരു അപകട സൂചനയായി മാറിക്കഴിഞ്ഞു.രാജ്യത്തെ ഒരു വിഭാഗം ജനത ഇപ്പോള്‍ വലിയ ആശങ്കയിലാണ്. അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണ് രാജ്യമെങ്ങും ഇപ്പോള്‍ നടന്ന് വരുന്നത്.

പൗരത്വ ബില്‍ പാര്‍ലമെന്റ് പാസാക്കിയ ഉടനെ വന്ന ഒരു ട്വീറ്റ് രാജ്യം ഏറെ ചര്‍ച്ച ചെയ്തതാണ്. ബി.ജെ.പി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ പ്രതികരണമായിരുന്നു അത്.

‘ആറ് മാസം’ പോലും പഴക്കമില്ലാത്ത സര്‍ക്കാര്‍, ഇതിനകം നാല് സിക്‌സറുകള്‍, മുത്തലാഖ് നിര്‍ത്തലാക്കല്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ശ്രീരാമജന്മഭൂമി വിധി, ഇപ്പോള്‍ പൗരത്വ ഭേദഗതി ബില്‍ 2019′ നല്ല മുന്നേറ്റമാണിത് എന്നായിരുന്നു വിവാദ പ്രതികരണം.

സംഘപരിവാര്‍ രാഷ്ട്രീയം അതിന്റെ അജണ്ടകള്‍ ഒന്നൊന്നായി നടപ്പാക്കുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

പൗരത്വ ബില്ലിനെ കുറിച്ച് ആധികാരികമായി പറയണമെങ്കില്‍ എന്താണ് ആ ബില്‍ എന്ന് ആദ്യം മനസ്സിലാക്കണം. ഏത് സാഹചര്യത്തിലാണ് ബില്ല് അവതരിപ്പിക്കപ്പെട്ടതെന്ന കാര്യം കൂടി നാം പരിശോധിക്കേണ്ടതുണ്ട്.

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയും വിലക്കയറ്റത്തിലൂടെയും കടന്ന് പോകുന്ന ഘട്ടത്തിലാണ് പൗരത്വ ബില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ പ്രതിഷേധാഗ്‌നിയില്‍ ഇതു സംബന്ധമായ ചര്‍ച്ചകളെല്ലാം വഴിമാറിക്കഴിഞ്ഞു. ‘ഒരു വെടിക്ക് രണ്ട് പക്ഷി’ എന്ന നേട്ടമാണ് പൗരത്വ ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അക്കാര്യം ഇപ്പോള്‍ വ്യക്തവുമാണ്.

നാട് നിലവില്‍ ചര്‍ച്ച ചെയ്യുന്നത് പൗരത്വ ബില്‍ മാത്രമാണ്. മറ്റ് ജനകീയ വിഷയങ്ങളെല്ലാം ഇതിനകം തന്നെ വഴിമാറി കഴിഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന ശിലയ്‌ക്കേറ്റ ആഘാതമായാണ് പൗരത്വ നിയമത്തെ മതേതര ഇന്ത്യ നോക്കി കാണുന്നത്.

1955 ലെ പൗരത്വ ബില്ലിലാണ് നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.ഇന്ത്യയില്‍ മതിയായ രേഖകളില്ലാതെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്ല്. മുമ്പ് കുറഞ്ഞത് 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമാക്കിയവര്‍ക്ക് മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ നിയമ പ്രകാരം ഇത് ആറ് വര്‍ഷമായി ചുരുക്കിയിട്ടുണ്ട്.

ബില്‍ മുസ്ലീങ്ങള്‍, അമുസ്ലീങ്ങള്‍ എന്ന രീതിയില്‍ രാജ്യത്തെ വിഭജിക്കുകയാണെന്നാണ് സുപ്രീംകോടതിയിലെ അഭിഭാഷകനായ ഗൗതം ഭാട്ടിയ ചൂണ്ടികാട്ടുന്നത്. കാരണം മുസ്ലീങ്ങള്‍ ഒഴിച്ചുള്ള മതവിഭാഗങ്ങളില്‍ പെട്ട അനധികൃത കുടിയേറ്റക്കാര്‍ക്ക് മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ പൗരത്വം നല്‍കുന്നതാണ് പാര്‍ലമെന്റ് പാസാക്കിയ ബില്‍.

1955ലെ പൗരത്വ ആക്ട് പ്രകാരം ഇന്ത്യയില്‍ ജനിച്ച വ്യക്തിക്കോ മാതാപിതാക്കള്‍ ഇന്ത്യന്‍ സ്വദേശികളായവര്‍ക്കോ, ഒരു നിശ്ചിത കാലയളവില്‍ കൂടുതല്‍ കാലം ഇന്ത്യയില്‍ ജീവിച്ച് വളര്‍ന്ന വ്യക്തിക്കോ ആണ് ഇന്ത്യന്‍ പൗരത്വം ലഭിക്കുക. ഈ ആക്ട് പ്രകാരം അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരനാകാന്‍ കഴിയുകയില്ല. ഇതാണ് നിലവില്‍ ഭേദഗതി ചെയ്തിരിക്കുന്നത്.

മതത്തിന്റെ പേരില്‍ സ്വന്തം രാജ്യവിട്ട് ഇന്ത്യയില്‍ അഭയം പ്രാപിച്ചവര്‍ക്ക് വേണ്ടിയാണ് ബില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്.

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് തണലാണ് ഈ ബില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ബില്‍ ദേശതാത്പര്യത്തെ മാനിക്കുന്നതാണെന്നും അമിത് ഷാ അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ ഇത് തെറ്റാണ്. എല്ലാ മതവിഭാഗങ്ങള്‍ക്കും ബില്‍ സംരക്ഷണം ഒരുക്കുന്നില്ല. പാകിസ്താനില്‍ അഹ്മദീയ മുസ്ലിം വിഭാഗവും ഷിയാ മുസ്ലീങ്ങളും വലിയ വിവേചനം നേരിടുന്നുണ്ട്. ബര്‍മയില്‍ രോഹിഗ്യന്‍ മുസ്ലീങ്ങളും ഹിന്ദുക്കളും വിവേചനം നേരിടുന്നുണ്ട്. ശ്രീലങ്കയില്‍ ഹിന്ദു, ക്രിസ്ത്യന്‍ തമിഴ് വിഭാഗങ്ങളും വിവേചനം നേരിടുന്നുണ്ട്. മുസ്ലിംങ്ങള്‍ക്ക് മറ്റ് ഇസ്ലാം രാജ്യങ്ങളില്‍ അഭയം തേടാമെന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപിത നിലപാട്.

ഇസ്ലാം മത വിശ്വാസികള്‍ ഒഴികെയുള്ള മതവിഭാഗത്തിന് പരിഗണന നല്‍കി മുസ്ലീങ്ങളെ രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നതാണ് പൗരത്വ ബില്‍. എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണിത്.

മതം നോക്കി പൗരത്വം അനുവദിക്കുന്നതിനെതിരെയാണ് രാജ്യവ്യാപകമായി ഇപ്പോള്‍ പ്രതിഷേധം കത്തി പടരുന്നത്. ലക്ഷക്കണക്കിന് ബഹുജനങ്ങള്‍ ജാതി – മത – വര്‍ഗ- വര്‍ണ – രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് പ്രതിഷേധിക്കുന്നത്.

പൗരത്വ ബില്‍ പാസാക്കിയത് ചരിത്രപരമായ നടപടിയാണെന്നായിരുന്നു ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ത്യയുടെ പൗരത്വ നിയമങ്ങളിലെ സുപ്രധാന മാറ്റത്തോട് വിദേശ മാധ്യമങ്ങള്‍ പോലും രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്.

ഭിന്നിപ്പിന്റെ നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയെടുത്തിരിക്കുന്നു. ഇത് നിയമമാകാന്‍ പോകുന്നു- എന്ന തലക്കെട്ടിലായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത നല്‍കിയിരുന്നത്.

മതപരമായ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന ഈ നിയമത്തിനെതിരെ രാജ്യത്തുടനീളം കടുത്ത പ്രതിഷേധമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

‘പൗരത്വ ഭേദഗതി ബില്‍ എന്ന് വിളിക്കപ്പെടുന്ന ഈ നിയമത്തിലൂടെ ഇന്ത്യയില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുകയും ഇതിന് മതം ഒരു മാനദണ്ഡം ആക്കുകയുമാണ്. ഇസ്ലാം ഒഴികെയുള്ള എല്ലാ പ്രധാന മതങ്ങളിലെയും ജനവിഭാഗങ്ങള്‍ക്ക് ബില്‍ അനുകൂലമാണ്. നഗ്‌നമായ വിവേചനം എന്നാണ് മുസ്ലിം സമൂഹം ഇതിനെ വിളിക്കുന്നതെന്നും – ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിട്ടുണ്ട്.

‘മുസ്ലിം കുടിയേറ്റക്കാരെ ഒഴിവാക്കി വിവാദമായ പൗരത്വ നിയമം ഇന്ത്യ പാസാക്കിയിരിക്കുന്നു’ എന്ന തലക്കെട്ടിലാണ് വാഷിംഗ്ടണ്‍ പോസ്റ്റ് വാര്‍ത്ത നല്‍കിയിരുന്നത്.ഇന്ത്യയിലെ നിയമനിര്‍മ്മാതാക്കള്‍ മതത്തെ ദേശീയതയുടെ മാനദണ്ഡമായി ഉള്‍പ്പെടുത്തുന്നതിനുള്ള പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കിയിരിക്കുന്നു. മതേതര ആദര്‍ശങ്ങളില്‍ സ്ഥാപിതമായ ഒരു രാജ്യം മുസ്ലീങ്ങളെ രണ്ടാമതായി പരിഗണിക്കുന്ന ഒരു ഹിന്ദു രാഷ്ട്രമായി മാറുന്നുവെന്ന ആശങ്കകള്‍ രാജ്യത്ത് ശക്തമായി കഴിഞ്ഞതായും ഈ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

‘പുതിയ നിയമനിര്‍മ്മാണം വഴി മുസ്ലിം ഒഴികെയുള്ള മത വിഭാഗങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനുള്ള ഒരു പാത സൃഷ്ടിക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍’ ചെയ്തിരിക്കുന്നതെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴിച്ച് ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കിക്കൊണ്ട് 64 വര്‍ഷം പഴക്കമുള്ള പൗരത്വ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ഇന്ത്യ എന്നാണ് അല്‍ ജസീറ നിരീക്ഷിച്ചിരിക്കുന്നത്.

‘ദ ഇന്‍ഡിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്തതും സമാനമായാണ്. ഇന്ത്യയിലെ ഭരണകക്ഷിയായ ഹിന്ദു ദേശീയ സര്‍ക്കാര്‍, മുസ്ലിം ജനവിഭാഗത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു വിവാദ നിയമത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം നേടിയെടുത്തിരിക്കുന്നു. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കുന്ന നിയമമാണ് ഇന്ത്യ നടപ്പിലാക്കിയിരിക്കുന്നതെന്നാണ് ദ ഇന്‍ഡിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പൗരത്വ ബില്‍ അവതരിപ്പിക്കുന്ന ഘട്ടം മുതല്‍ ആശയ വ്യക്തതയോടെ പ്രതിരോധം ആദ്യം ഉയര്‍ത്തിയത് ഇടതുപക്ഷമാണ്. സി പി.എമ്മാണ്. ആ തീപ്പന്തമാണിപ്പോള്‍ മറ്റുള്ളവരും ഏറ്റെടുത്തിരിക്കുന്നത്. കശ്മീര്‍, മുത്തലാഖ് വിഷയങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധത്തേക്കാള്‍ എത്രയോ വലുതാണ് ഇപ്പോള്‍ രാജ്യത്ത് ഉയര്‍ന്നിരിക്കുന്നത്.

കാമ്പസുകള്‍ മുതല്‍ തെരുവുകള്‍ വരെ പ്രതിഷേധാഗ്‌നി പടരുന്ന സാഹചര്യത്തില്‍ ഇനി സുപ്രീം കോടതിയുടെ ഇടപെടലാണ് ഈ ബില്ലില്‍ നിര്‍ണ്ണായകമാകാന്‍ പോകുന്നത്.

Express View

Top