സൂപ്പർ താരങ്ങളെയും വിറപ്പിച്ച് നിർത്തിയ കേന്ദ്ര സർക്കാറിന്റെ തന്ത്രപരമായ നീക്കം

പൗരത്വ ഭേദഗതി നിയമത്തില്‍ സിനിമാ താരങ്ങളുടേത് തന്ത്രപരമായ മൗനം.

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍ , ഷാരൂഖ് ഖാന്‍ , അമീര്‍ ഖാന്‍ തുടങ്ങി, മലയാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാല്‍ വരെ മൗനത്തിലാണ്.

പ്രതിഷേധിച്ച മലയാളത്തിലെ യുവതാരങ്ങള്‍ ഉള്‍പ്പെടെ വെട്ടിലുമായി കഴിഞ്ഞു.ഇവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ തന്നെ രംഗത്തു വരികയുണ്ടായി.

പാര്‍ട്ടി നിലപാടല്ലന്ന് പിന്നീട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സമീപനം വ്യക്തമാണ്. അതാകട്ടെ താരങ്ങള്‍ക്ക് എതിരുമാണ്.

പ്രതിഷേധത്തില്‍ പങ്കെടുക്കുകയും പ്രസ്താവന ഇറക്കുകയും ചെയ്ത താരങ്ങള്‍ക്കെതിരെ ആദായ നികുതി വകുപ്പാണ് ഇപ്പോള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നത്. ഇവരുടെയെല്ലാം വരുമാനങ്ങളും അടച്ച നികുതിയുടെ വിശദാംശങ്ങളുമാണ് പരിശോധിക്കുന്നതെന്നാണ് സൂചന.

സിനിമാ താരങ്ങളുടെ നികുതി വെട്ടിപ്പിനെതിരെ മുന്‍ കാലങ്ങളിലും വിപുലമായ റെയ്ഡുകള്‍ ആദായ നികുതി വകുപ്പ് നടത്തിയിട്ടുണ്ട്. അത്തരമൊരു റെയ്ഡില്‍ കണ്ടെത്തിയ ആന കൊമ്പാണ് മോഹന്‍ലാലിന് ഇപ്പോഴും കുരുക്കായി മാറിയിരിക്കുന്നത്. ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത ആനക്കൊമ്പ് പിന്നീട് വനം വകുപ്പിന് കൈമാറുകയാണുണ്ടായത്. ഈ കേസില്‍ മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഏഴുവര്‍ഷത്തിന് ശേഷമാണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്ന് കുറ്റപത്രത്തില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

ഇതിന് സമാനമായ സാഹചര്യങ്ങളെ ബോളിവുഡ് സൂപ്പര്‍ താരങ്ങളടക്കം നിരവധി തവണയാണ് നേരിട്ടിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ വാങ്ങുന്ന പ്രതിഫലത്തിന്റെ നികുതിയല്ല ഭൂരിപക്ഷ താരങ്ങളും അടയ്ക്കുന്നത്. മലയാള താരങ്ങള്‍ ഉള്‍പ്പെടെ ഓവര്‍സീസ് റൈറ്റ് എഴുതി വാങ്ങിയും ശരിക്കും നികുതി വെട്ടിപ്പ് നടത്തുന്നുണ്ട്.ശമ്പളത്തിന് പുറമെയാണ് ഓവര്‍സീസ് റൈറ്റ് സൂപ്പര്‍ താരങ്ങള്‍ സ്വന്തമാക്കുന്നത്. ഇതു വഴി മാത്രം കോടികളുടെ നേട്ടമാണ് അവര്‍ക്കുണ്ടാകുന്നത്. ഇക്കാര്യങ്ങളെ കുറിച്ച് എന്‍ഫോഴ്‌സ് മെന്റ് വിഭാഗവും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പ്രതികാര നടപടിയില്ല എന്ന് ബി.ജെ.പി പരസ്യമായി പറയുമ്പോഴും അവര്‍ പ്രതിരോധം തീര്‍ക്കുന്നുണ്ട് എന്നത് വ്യക്തമാണ്.

പ്രമുഖ സിനിമാ താരങ്ങള്‍ക്കെല്ലാം ഒരു മുന്നറിയിപ്പ് നല്‍കുക എന്നത് തന്നെയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

കേന്ദ്ര ഏജന്‍സികളെ നിയന്ത്രിക്കുന്ന പാര്‍ട്ടിയെ വെറുപ്പിച്ചാല്‍ ‘പണി’യാകുമെന്ന ഉപദേശം താരങ്ങള്‍ക്കും ഇതിനകം ലഭിച്ചിട്ടുണ്ട്.

ഇതു പേടിച്ചിട്ടാണ് സൂപ്പര്‍ താരങ്ങളുള്‍പ്പെടെ പൗരത്വ ദേഗതിനിയമത്തില്‍ മൗനം തുടരുന്നത്.

സ്വന്തം സമുദായത്തില്‍പ്പെട്ട താരങ്ങളെ രംഗത്തിറക്കാന്‍ മത പുരോഹിതര്‍ ശ്രമിച്ചിട്ട് പോലും സല്‍മാന്‍ ഖാനും, അമീര്‍ ഖാനും, ഷാരൂഖ് ഖാനുമൊന്നും വഴങ്ങിയിട്ടില്ല.

പ്രധാനമന്ത്രി മോദിയെ വെറുപ്പിക്കാന്‍ തങ്ങളില്ലന്ന നിലപാടാണ് മൂന്ന് ഖാന്‍മാരും സ്വീകരിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മറ്റ് താരങ്ങളുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്. നടിമാരും സംവിധായകരും ഉള്‍പ്പെടെയുള്ള ഭൂരിപക്ഷവും ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. എല്ലാ ഭാഷകളിലെയും പൊതു സ്ഥിതിയാണിത്.

ഭൂരിപക്ഷവും പേടിക്കുന്നത് കേന്ദ്ര ഏജന്‍സികളെയാണെങ്കില്‍ മറ്റൊരു വിഭാഗം കേന്ദ്രത്തെ അനുകൂലിക്കുന്നുമുണ്ട്.

ഏതെങ്കിലും പക്ഷം പിടിച്ചാല്‍ ആരാധകരില്‍ ഭിന്നിപ്പുണ്ടാകുമോയെന്ന ഭയവും സൂപ്പര്‍താരങ്ങള്‍ക്കിടയിലുണ്ട്.

പ്രതികരിക്കാതിരിക്കുന്നതിന്റെ പേരില്‍ കേള്‍ക്കുന്ന വിമര്‍ശനങ്ങള്‍ താനെ കെട്ടടങ്ങും എന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം മുന്നോട്ട് പോകുന്നത്.

അതേ സമയം വലിയ താരങ്ങള്‍ അല്ലങ്കിലും ചെറിയ താരങ്ങള്‍ ബോളിവുഡിലും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

സ്വര ഭാസ്‌ക്കറിന്റെയും സീഷാന്‍ അയ്യൂബിന്റെയും നേതൃത്വത്തിലാണ് ഈ വിഭാഗം രംഗത്ത് വന്നിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ പൊലീസ് അതിക്രമങ്ങളില്‍ സുപ്രീംകോടതി സ്വമേധയാ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നതാണ് ഇവരുടെ ആവശ്യം. രാജ്യമില്ലെങ്കില്‍ പിന്നെ ബോളിവുഡില്ലെന്നും ഉത്തര്‍പ്രദേശുമായി ഹിന്ദി സിനിമക്ക് അഭേദ്യമായ ബന്ധമുണ്ടെന്നുമാണ് സ്വര ഭാസ്‌കറും സീഷാന്‍ അയ്യൂബും ചൂണ്ടികാട്ടുന്നത്.

ജനങ്ങളോട് പ്രതികാരം ചെയ്യാന്‍ യോഗി ആദിത്യനാഥിന് ഭരണഘടനയോ രാജ്യത്തെ നിയമസംവിധാനമോ അനുമതി നല്‍കിയിട്ടില്ലെന്നും ഇവര്‍ തുറന്നടിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് പ്രതിസ്ഥാനത്തുള്ളതു കൊണ്ടാണ് കോടതി ഇടപെടല്‍ ആവശ്യപ്പെടുന്നതെന്നാണ് സ്വര ഭാസ്‌കര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇത്രയും അതിക്രമങ്ങള്‍ അരങ്ങേറിയിട്ടും സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ആമിര്‍ ഖാനും അടക്കം പ്രധാനമന്ത്രി മോദിയുടെ വിരുന്നില്‍ പങ്കെടുത്തവരാരും ശബ്ദിക്കാത്തതിലുള്ള അതൃപ്തിയും അവര്‍ പ്രകടിപ്പിച്ചു. ‘അവസരം നഷ്ടപ്പെടുമെന്ന് ഭയന്നാണോ ഈ നിലപാടെന്ന ചോദ്യത്തിന് തങ്ങള്‍ അവസരമില്ലാത്തവരായതു കൊണ്ടാണോ ശബ്ദിക്കുന്നതെന്ന് തിരിച്ച് ചോദിക്കുകയാണ് ഇരുവരും ചെയ്തത്.

സ്വര ഭാസ്‌കറിന്റെയും സീഷാന്‍ അയ്യൂബിന്റെയും ഈ പ്രതികരണങ്ങള്‍ക്കും തണുപ്പന്‍ പ്രതികരണമാണ് ബോളിവുഡില്‍ നിന്നും നിലവില്‍ ലഭിക്കുന്നത്. പ്രധാനപ്പെട്ട ഒരു താരവും ഇവരുടെ നിലപാടിനെ പിന്തുണച്ച് ഇതുവരെ രംഗത്ത് വന്നിട്ടില്ല. വൈകാരികമായി വിഷയത്തെ കാണാതെ പ്രായോഗിക നിലപാട് സ്വീകരിക്കാനാണ് ഭൂരിപക്ഷത്തിന്റെയും താല്‍പ്പര്യം. ഈ ‘പ്രായോഗികതയാവട്ടെ’ കേന്ദ്ര ഏജന്‍സികളോടുള്ള ഭയവുമാണ്. അതൊരു യാഥാര്‍ത്ഥ്യവുമാണ്.

Staff Reporter

Top