സിഎഎ ചട്ടം സ്റ്റേ ചെയ്യണം; സുപ്രിം കോടതിയെ സമീപിക്കാന്‍ ഒരുങ്ങി മുസ്ലിം ലീഗ്

സിഎഎ ചട്ടം നടപ്പാക്കുന്നതിനെതിരെ സുപ്രിം കോടതിയെ സമീപിക്കാന്‍ മുസ്ലിം ലീഗ്. സുപ്രിം കോടതിയെ ഇന്നുതന്നെ സമീപിക്കാനാണ് മുസ്ലിം ലീഗിന്റെ നീക്കം. ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിക്കുക. പി.കെ കുഞ്ഞാലിക്കുട്ടി വക്കാലത്തില്‍ ഒപ്പിട്ടു. മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം ഇന്ന് 12.30 ചേരും. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലവിലുള്ള കേസിലെ പ്രധാന ഹര്‍ജിക്കാരാണ് ലീഗ്.

ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഎഎ വിജ്ഞാപനത്തിനെതിരെ കടുത്ത സമരവുമായി രംഗത്തിറങ്ങാനാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നീക്കം. പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് 14 ജില്ലകളിലും മിഡ്നൈറ്റ് മാര്‍ച്ച് നടത്തും.

സിഎഎ നടപ്പാക്കുന്നതിനെതിരെ കേരളവും ബംഗാളും ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമം എന്തുവന്നാലും നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുയായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വര്‍ഗീയവികാരം കുത്തിയിളക്കുന്നതിനും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ തന്നെ കാറ്റില്‍ പരത്താനുമാണെന്നാണ് പിണറായി വിജയന്‍ പത്രക്കുറിപ്പില്‍ ആരോപിച്ചിരുന്നു. ജനങ്ങളെ പരസ്പരം വിഭജിക്കുന്ന നിയമം തങ്ങള്‍ നടപ്പാക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പറഞ്ഞു. വര്‍ഗീയ ധ്രുവീകരണമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. നിയമ ഭേദഗതിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു. പൗരത്വ ഭേദഗതി നിയമം കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.

Top