പൗരത്വ ഭേദഗതി നിയമം; യുപിയില്‍ മരണം പതിനൊന്നായി, വാദം തള്ളി പൊലീസ്

ലഖ്‌നൗ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപക പ്രതിഷേധവും അക്രമവും ശക്തമാകുകയാണ്. ഇതിനകം തന്നെ നിരവധി ആളുകളാണ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ മാത്രം മരണം പതിനൊന്നായി. വെടിയേറ്റിട്ടാണ് പലരും മരിച്ചത്. എന്നാല്‍ ഇപ്പോഴും പൊലീസ് വെടിവെച്ചെന്ന വാദം തള്ളുകയാണ്.  ലഖ്‌നൗവില്‍ മരിച്ചയാള്‍ക്കും വയറില്‍ വെടിയേറ്റിട്ടുണ്ട്.

അതേസമയം ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മീററ്റ് , അലിഗഡ് തുടങ്ങിയ ഇടങ്ങളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ യുപി മുഖ്യമന്ത്രി അടക്കം പങ്കെടുത്ത ഉന്നത തല യോഗം ചേര്‍ന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിക്കുമെന്ന് യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ബിഹാറില്‍ ആര്‍ജെഡി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. പ്രതിഷേധക്കാര്‍ തീവണ്ടികള്‍ തടഞ്ഞു. ട്രാക്കില്‍ കയറി നിന്നാണ് പലയിടങ്ങളിലും പ്രതില്‍ഷേധങ്ങള്‍ നടക്കുന്നത്. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് അടക്കമുള്ള പ്രതിഷേധങ്ങളും നടക്കുകയാണ്.

Top