പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല

തൃശൂര്‍: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി മുഖേനയാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടി കോടതിയില്‍ ചോദ്യംചെയ്യുക. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 55ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ന് കാണുന്നതിനെക്കാള്‍ ഗുരുതരമായ കാര്യങ്ങളാണ് വരാനിരിക്കുന്നത്. നാളെ ഏക സിവില്‍ കോഡും പ്രസിഡന്‍ഷ്യല്‍ ഭരണക്രമവും വന്നേക്കാം. രാജ്യമാകെ ഭയപ്പാടിലാണ്. ജനത്തെ തമ്മിലടിപ്പിച്ച് വിഭാഗീയത വളര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വത്തിന് അടിസ്ഥാനം മതവും ജാതിയുമാണെന്ന് വരുന്നത് അപകടമാണ്. ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഭേദഗതി നിയമത്തിനെതിരെ മതേതര വിശ്വാസികളുടെ ശബ്ദം ഉയരണം. വംശീയതയില്‍ രൂപപ്പെട്ട ഇസ്രായേല്‍ പോലെ ഇന്ത്യയെ മാറാന്‍ ജനാധിപത്യ ശക്തികള്‍ അനുവദിച്ചുകൂടെന്നും ചെന്നിത്തല വ്യക്തമാക്കി.

Top