ഉത്തര്‍പ്രദേശില്‍ 3500 പേര്‍ കരുതല്‍ തടങ്കലില്‍; 14 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്താകമാനം പരക്കുകയാണ്. വ്യാഴാഴ്ച അരങ്ങേറിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ 3500 പേരെ കരുതല്‍ തടങ്കലിലാക്കി. ഇതില്‍ 200ല്‍ അധികംപേരും ലഖ്നൗ നഗരത്തില്‍ ഉള്ളവരാണ്.

ഉത്തര്‍പ്രദേശിലെ 14 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, ടെക്സ്റ്റ് മെസേജ് സേവനങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അശ്വിനീഷ് കുമാര്‍ ടെലികോംസേവന ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ലഖ്നൗവിന് പുറമേ സഹറന്‍പുര്‍, മീററ്റ്, ഷംലി, മുസാഫര്‍നഗര്‍, ഗാസിയാബാദ്, ബറെയ്ലി, മൗ, സംഭാല്‍, അസംഗഡ്, ആഗ്ര, കാണ്‍പുര്‍, ഉന്നാവ്, മൊറാദാബാദ് തുടങ്ങിയ 14 ജില്ലകളിലാണ്ഇന്റര്‍നെറ്റ്‌ നിരോധനം. മംഗളൂരുവിലും ഇന്റര്‍നെറ്റ് നിരോധനം തുടരുകയാണ്.

പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ മംഗളൂരുവില്‍ രണ്ടു പേരും ലക്‌നൗവില്‍ ഒരാളും കൊല്ലപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. മംഗളൂരുവില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളികളായ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു.

അലിഗഡില്‍ ജില്ലാ മജിസ്‌ട്രേറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 12 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ.

മംഗളൂരുവില്‍ പ്രതിഷേധം അക്രമാസക്തമായതിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെത്താനിടയുള്ള ടൗണ്‍ ഹാള്‍, മൈസൂര്‍ ബാങ്ക് സര്‍ക്കിള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. അതേസമയം, മംഗളൂരുവില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.

വെള്ളിയാഴ്ച, കാസര്‍ഗോഡ് ഹൊസങ്കടിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

 

Top