തനിക്കെതിരെയുള്ള കേസുകള്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച ബഹുമാനം ; നന്ദി അറിയിച്ച് സുമയ്യ റാണ

ലഖ്‌നൗ: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തതിന് തനിക്കെതിരെ കേസെടുത്തതിന് നന്ദി അറിയിച്ച് സുമയ്യ റാണ. പ്രശസ്ത ഉറുദു കവി മുനവര്‍ റാണയുടെ മകളാണ് സുമയ്യ റാണ. കേസുകളെ കാണുന്നത് തനിക്ക് ലഭിച്ച ബഹുമാനമായിട്ടാണ്. ഉത്തര്‍പ്രദേശ് പൊലീസ് സ്വേച്ഛാധിപത്യപരമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് തുടരാന്‍ അനുവദിക്കില്ലെന്നും സത്യം തുറന്നു പറഞ്ഞതിനാണ് തനിക്കും സഹോദരിക്കുമെതിരെ 144-ാം വകുപ്പ് ലംഘിച്ചുവെന്നാരോപിച്ച് കേസെടുത്തിരിക്കുന്നതെന്നും റാണ കൂട്ടിച്ചേര്‍ത്തു.

‘എനിക്കെതിരെ കേസെടുത്തതിലൂടെ എന്നെ ശിക്ഷിച്ചുവെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചിന്തിച്ചിരിക്കുന്നത്. എന്നാല്‍ ഈ കേസുകളെ ബഹുമാനമായിട്ടാണ് ഞാന്‍ കാണുന്നത്. വരും തലമുറകള്‍ ഞങ്ങളെ ഓര്‍ക്കുന്നത് ഈ കേസുകള്‍ കൊണ്ടാകും’- സുമയ്യ റാണ പറഞ്ഞു.

അലിഗഡ് സര്‍വ്വകലാശാലയില്‍ സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനാണ് സുമയ്യയ്‌ക്കെതിരെ കേസെടുത്തത്. അതേ സമയം പൗരത്വ നിയമം ഭേദഗതി ചെയ്തതിനെതിരെ രാജ്യവ്യാപകമായുള്ള പ്രക്ഷോഭങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

Top