പൗരത്വ പ്രതിഷേധം പുകയുമ്പോള്‍ ഗതാഗതകുരുക്കില്‍ കുടുങ്ങി രാജ്യതലസ്ഥാനം

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നതിനാല്‍ ഗതാഗതകുരുക്കില്‍ കുടുങ്ങി രാജ്യതലസ്ഥാനം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തടയാന്‍ ഡല്‍ഹിയിലെയും പരിസരപ്രദേശത്തെയും റോഡുകളില്‍ പോലീസ് ബാരിക്കേഡുകള്‍ കൂടി സ്ഥാപിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി.

രാവിലെ മുതല്‍ രാജ്യതലസ്ഥാനം ഗതാഗതക്കുരുക്കിലാണ്. ദില്ലി – ഗുരുഗ്രാം അതിര്‍ത്തിയിലാണ് ഗതാഗതക്കുരുക്ക് കൂടുതലായും ബാധിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെങ്കോട്ടയുടെ പരിസരത്ത് കൂട്ടം കൂടുന്നതോ യോഗങ്ങള്‍ നടത്തുന്നതോ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതോ നിരോധിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തുന്നതിനെ പൊലീസ് തടഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇടത് പാര്‍ട്ടികളും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. പൗരത്വ ബില്ലിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കൂടാതെ ഡല്‍ഹിയില്‍ വിവിധ മേഖലകളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതായി വിവിധ സേവനദാതാക്കള്‍ അറിയിച്ചു. എസ്എംഎസ് , വോയിസ് കോള്‍, മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ അധികാരികളില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയതായി വിവിധ ഉപഭോക്താക്കളുടെ സമൂഹമാധ്യമങ്ങളിലെ ചോദ്യങ്ങള്‍ക്ക് എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള സേവനദാതാക്കള്‍ അറിയിക്കുകയായിരുന്നു.

Top