അടങ്ങാതെ പ്രതിഷേധം; യു.പിയില്‍ 6 മരണം, ബീഹാറില്‍ ഇന്ന് ആര്‍.ജെ.ഡി ബന്ദ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെമ്പാടും ശക്തമാകുന്നു. വന്‍ പ്രതിഷേധം നടക്കുന്ന ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരുന്നു. പല നഗരങ്ങളിലും ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുകയാണ്.

ഡല്‍ഹിക്കടുത്ത് ഗാസിയാബാദിലും ഇന്ന് രാവിലെ പത്തുമണിവരെ മൊബൈല്‍ ഇനറര്‍നെറ്റ് നിയന്ത്രിച്ചിട്ടുണ്ട്. ലക്‌നൗവിലും മീററ്റിലും ബിജ്‌നോറിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. സര്‍വകലാശാലകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

ഇന്നലെയുണ്ടായ അക്രമങ്ങളില്‍ ഉത്തര്‍പ്രദേശില്‍ ആറ് പേര്‍ മരിച്ചിരുന്നു. പലയിടത്തും വാഹനങ്ങള്‍ കത്തിച്ചു.
പത്തിലധികം ജില്ലകളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. മീററ്റില്‍ പൊലീസ് സ്റ്റേഷന്‍ കത്തിച്ചു.  അലിഗഡിലും മീററ്റിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബീഹാറില്‍ ആര്‍ജെഡി ആഹ്വാനം ചെയ്ത് ബന്ത് തുടങ്ങി. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജബല്‍പൂരില്‍ ഇന്റര്‍നെറ്റ് നിയന്ത്രണമുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി പൊതുവെ ശാന്തമാണ്. അസമിലെ ദിബ്രുഗഢില്‍ കര്‍ഫ്യുവില്‍ ഇന്ന് 16 മണിക്കൂര്‍ ഇളവ് നല്‍കിയിട്ടുണ്ട്.

 

 

Top