ദേശീയ പൗരത്വ പട്ടിക ഉടന്‍ ഇല്ല; കടുംപിടുത്തത്തില്‍ അയവ് വരുത്തി കേന്ദ്രം?

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ കടുംപിടുത്തത്തില്‍ അയവ് വരുത്തി കേന്ദ്രം. ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കെ റെഡ്ഡി അറിയിച്ചു. അതേസമയം പട്ടിക തയ്യാറാക്കാനുള്ള നടപടികള്‍ ഇനിയും
ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ സൃഷ്ടിക്കുന്നതിന് പിന്നില്‍ പ്രതിപക്ഷമാണെന്ന് അദ്ദേഹം ആരോപിച്ചു. മാത്രമല്ല അക്രമം നടത്തുന്നവരല്ലാത്ത ആരുമായും ചര്‍ച്ച നടത്താം, അക്രമപാത ഉപേക്ഷിച്ചാല്‍ പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

ചില ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ട വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പൗരത്വ പട്ടികയുടെ കരട് പോലും തയ്യാറാക്കി തുടങ്ങിയിട്ടില്ല. മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചിട്ടില്ല. തെറ്റായ വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനകള്‍ക്ക് വിരുദ്ധമാണ് സഹമന്ത്രിയുടെ പ്രസ്താവന. ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ദേശീയ പൗരത്വ പട്ടിക 2024 തെരഞ്ഞെടുപ്പിന് മുമ്പ് തയ്യാറാക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്.

Top