ഡല്‍ഹി കലാപം; നിങ്ങള്‍ വിളമ്പിയ ഭയത്തിന്റെ പ്രതിഫലം; പ്രതിപക്ഷത്തെ കുറ്റക്കാരാക്കി ഷാ

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ അഭ്യൂഹങ്ങളാണ് രാജ്യത്ത് സാമുദായിക സംഘര്‍ഷത്തിന് തിരികൊളുത്തിയതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി ബില്‍ നിയമമാക്കി പാസാക്കിയ ശേഷം രാജ്യത്ത് വന്‍തോതില്‍ വിദ്വേഷ പ്രസംഗങ്ങള്‍ അരങ്ങേറിയെന്ന് അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കി.

‘ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്ക് സിഎഎ അവരുടെ പൗരത്വം ഇല്ലാതാക്കുമെന്ന ആശങ്കയാണ് വിളമ്പിയത്. ഏതെങ്കിലും ഒരാളുടെ പൗരത്വം എടുത്ത് കളയുന്ന നിബന്ധന ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആവശ്യപ്പെടുന്നു, അത്തരം ഒരു നിയമമില്ല’, ആഭ്യന്തര മന്ത്രി സഭയില്‍ പറഞ്ഞു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. സിഎഎ ആരുടെയും പൗരത്വം എടുത്ത് കളയുന്ന നിയമമല്ല, അത് പൗരത്വം നല്‍കുന്നതാണ്, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

സിഎഎയെ എതിര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളാണ് ഇന്ത്യയില്‍ സംഘര്‍ഷത്തിന് വഴിയൊരുക്കിയതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ‘എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് നിന്ന്, സിഎഎ ആരുടെയും പൗരത്വം കവരില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ ഈ സംഘര്‍ഷം ഇന്ത്യയില്‍ പടരുമായിരുന്നില്ല’, അദ്ദേഹം പറഞ്ഞു. സിഎഎ, ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെടുത്തുന്നത് സംബന്ധിച്ച കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ചോദ്യത്തിനും ഷാ മറുപടി നല്‍കി.

‘എന്‍പിആറില്‍ ചില വിവരങ്ങള്‍ നല്‍കാന്‍ ആരെങ്കിലും താല്‍പര്യപ്പെടാതിരുന്നാല്‍ ഇത് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉണ്ടാകില്ല. ഒരു പൗരനെയും ഇതിന്റെ പേരില്‍ സംശയത്തില്‍ നിര്‍ത്തില്ല’, അമിത് ഷാ വ്യക്തമാക്കി. ജനസംഖ്യാ രജിസ്റ്ററില്‍ യാതൊരുവിധ രേഖകളും ആവശ്യമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രേഖകള്‍ ചോദിക്കില്ല, കൈയില്‍ ഇല്ലാത്ത വിവരങ്ങളും നല്‍കേണ്ട, രാജ്യത്ത് എന്‍പിആറിന്റെ പേരില്‍ ഭയവും വേണ്ട, ആഭ്യന്തര മന്ത്രി ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പ്രസ്താവിച്ചു.

അതേസമയം, കലാപങ്ങള്‍ക്ക് തിരികൊളുത്താന്‍ ഗൂഢാലോചന നടത്തിയവരെ ജാതിയും, മതവും, രാഷ്ട്രീയവും നോക്കാതെ ശിക്ഷിക്കുമെന്ന്‌ ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കലാപങ്ങളുടെ വീഡിയോയ്ക്ക് പുറമെ ഡ്രൈവിംഗ് ലൈസന്‍സും, വോട്ടര്‍ ഐഡിയും, ഫേഷ്യല്‍ ഐഡന്റിഫിക്കേഷന്‍ സോഫ്റ്റ് വെയറും ഉപയോഗിച്ചാണ് അന്വേഷണം നടന്നത്. ആധാര്‍ വിവരങ്ങള്‍ ഇതിനായി ഉപയോഗിച്ചിട്ടില്ല. സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ 1922 മുഖങ്ങള്‍ തിരിച്ചറിഞ്ഞു. ഇതില്‍ 336ഓളം പേര്‍ യുപിയില്‍ നിന്നുള്ളവരാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കലാപങ്ങളെ രാഷ്ട്രീയവത്കരിച്ചെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

തന്റെ ആശയങ്ങളെയും പാര്‍ട്ടിയെയും കലാപങ്ങളുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നവരോട് സാമാന്യബുദ്ധി ഉപയോഗിക്കാനും അമിത് ഷാ ഉപദേശിച്ചു.

Top