പൗരത്വ ഭേദഗതി പിന്തുണയ്ക്കുന്നതായി മോദിക്ക് കത്ത് എഴുതൂ; വെട്ടിലായി സ്‌കൂള്‍ അധികൃതര്‍

അഹമ്മദാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോള്‍ നിയമത്തെ വിദ്യാര്‍ത്ഥികള്‍ അംഗീകരിക്കുന്നതായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച പ്രൈവറ്റ് സ്‌കൂള്‍ അധികൃതരുടെ നടപടി വിവാദമാകുന്നു.

വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദന കത്തെഴുതാനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം. കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്‌തെന്ന രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോസ്റ്റുകാര്‍ഡുകള്‍ തിരികെ വാങ്ങി സ്‌കൂള്‍ അധികൃതര്‍ തടിത്തപ്പി.

അഹമ്മദാബാദിലെ കങ്കരിയയില്‍, ഗുജറാത്ത് സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസ ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓള്‍ ഗേള്‍സ് സ്‌കൂളായ ലിറ്റില്‍ സ്റ്റാര്‍ സ്‌കൂളിലാണ് സംഭവം.

‘അഭിനന്ദനങ്ങള്‍, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സിഎഎ (പൗരത്വ ഭേദഗതി നിയമം) നടപ്പാക്കിയതില്‍ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു.’ എന്ന സന്ദേശം പോസ്റ്റ് കാര്‍ഡുകളില്‍ എഴുതി പ്രധാനമന്ത്രിയുടെ ഓഫീസ് അഡ്രസ് എഴുതി നല്‍കാനായിരുന്നു നിര്‍ദ്ദേശം.

‘പിഎംഒ, സൗത്ത് ബ്ലോക്ക് സെക്രട്ടേറിയറ്റ് കെട്ടിടം, റെയ്സീന ഹില്‍സ്, ന്യൂഡല്‍ഹി’ എന്ന വിലാസത്തില്‍ സിഎഎ നടപ്പാക്കിയതില്‍ പിന്തുണയും അഭിനദനവും അറിയിച്ച് കത്തെഴുതാനാണ് കുട്ടികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതെന്ന് ഒരു രക്ഷിതാവ് പറഞ്ഞതായി ദേശീയ മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്ലാസുകളില്‍ അധ്യാപകര്‍ ബ്ലാക്ക്‌ബോര്‍ഡുകളില്‍ അഭിനന്ദന സന്ദേശം എഴുതി, പോസ്റ്റ്കാര്‍ഡുകളില്‍ പകര്‍ത്താന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. ഈ പോസ്റ്റ്കാര്‍ഡുകള്‍ അടുത്ത ദിവസം ക്ലാസ് അധ്യാപികയ്ക്ക് നല്‍കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികളോടാണ് ഈ നിര്‍ദേശം സ്‌കൂള്‍ അധികൃതര്‍ മുന്നോട്ട് വെച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ ഇന്റേണല്‍ പരീക്ഷ എഴുതുന്നുണ്ട്. അവരോടും ഈ പോസ്റ്റ്കാര്‍ഡുകള്‍ എഴുതാന്‍ പറഞ്ഞു. പ്രതിഷേധിച്ചപ്പോള്‍, ഈ പോസ്റ്റ്കാര്‍ഡുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് നല്‍കില്ലെന്ന പ്രതികരണമെന്ന് അധികൃതര്‍ പറഞ്ഞത്.

Top