പൗരത്വ നിയമം; കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഹര്‍ജിയുടെ പകര്‍പ്പ് കൈപ്പറ്റി. ഒരു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കും. ചട്ടപ്രകാരം സമന്‍സ് ലഭിച്ച് 28 ദിവസത്തിനുള്ളില്‍ മറുപടി നല്‍കിയാല്‍ മതി. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്യൂട്ടില്‍ തിടുക്കപ്പെട്ട് മറുപടി നല്‍കില്ലെന്നും ഒരു മാസത്തിനകം മറുപടി നല്‍കുമെന്നുമാണ് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട നിയമവിദഗ്ദ്ധര്‍ അറിയിച്ചത്.

അതേസമയം ഗവര്‍ണറുടെ ഓഫീസ് എ.ജിയുടെ ഓഫീസുമായി ചര്‍ച്ച നടത്തി. ഗവര്‍ണ്ണര്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് അയക്കും.

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ജനുവരി 13നാണ് സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. കേരളത്തിന്റെ സ്യൂട്ട് ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരാണ് കോടതിയില്‍ ഹാജരാകുന്നത്. പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്ത് നല്‍കിയ വിവിധ റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി നാലാമത്തെ ആഴ്ചയാണ് ഇനി കോടതി പരിഗണിക്കേണ്ടത്. എന്നാല്‍ ശബരിമല വിശാലബെഞ്ചിന്റെ വാദം നീണ്ടുപോകുകയാണെങ്കില്‍ പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്തുള്ള റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നതും വൈകും. റിട്ട് ഹര്‍ജികള്‍ക്ക് ശേഷമേ സംസ്ഥാന സര്‍ക്കാരിന്റെ സ്യൂട്ട് കോടതിയുടെ പരിഗണനയ്ക്ക് വരുകയുള്ളു എന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.

Top