മുസ്ലീംങ്ങള്‍ക്ക് പോകാന്‍ ഇസ്ലാമിക രാഷ്ട്രങ്ങളുണ്ട്, പക്ഷെ ഹിന്ദുക്കള്‍ക്കോ, ചിന്തിക്കൂ; ഗഡ്കരി

നാഗ്പൂര്‍: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ക്ക് പോകാന്‍ നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ലോകത്ത് 100-150 ഇസ്ലാമിക രാഷ്ട്രങ്ങളുണ്ട് ഇന്ത്യ വിട്ട് അവര്‍ അങ്ങോട്ട് പോകട്ടെയെന്നും ഗഡ്കരി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹിന്ദു, പാഴ്സി, സിഖ്, ജൈന, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പോകാന്‍ ഇന്ത്യയല്ലാതെ മറ്റൊരിടമില്ല, അവര്‍ പിന്നെ എങ്ങോട്ടുപോകും. കൊലപാതകം, ബലാത്സംഗം, സ്വത്തുക്കള്‍ അപഹരിക്കല്‍ എന്നിവ ഉള്‍പ്പടെ നിരവധി പീഡനങ്ങളാണ് അവര്‍ നിത്യവും അഭിമുഖീകരിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം വരെ അവര്‍ നേരിടേണ്ടി വരുന്നുണ്ട്’. – ഗഡ്കരി പറഞ്ഞു.

എന്നാല്‍ പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എതിരല്ലെന്നും അത് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയവരെ മാത്രമാണ് ബാധിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി. അതേസമയം തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ് മുസ്ലീം ജനതയെ കാണുന്നത് വെറും വോട്ടിങ് മെഷീനായിട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

ലോകത്ത് നിരവധി മുസ്ലിം, ക്രിസ്ത്യന്‍ രാജ്യങ്ങളുണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് മാത്രമായി ഒരു രാജ്യം പോലുമില്ലെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഗഡ്കരി അന്ന് ആരോപിച്ചു. നമ്മുടെ രാജ്യത്തെ ഒരു മുസ്ലിം പൗരനും ഞങ്ങള്‍ എതിരല്ലെന്നും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top