പൗരത്വ നിയമം മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത്; ആഞ്ഞടിച്ച് സോണിയ

ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് പൗരത്വ നിയമം ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലായിരുന്നു സോണിയാ ഗാന്ധി നിയമത്തെ രൂക്ഷമായി വിമര്‍ശിച്ചത്.

“പൗരത്വ നിയമ ഭേദഗതി വിവേചനപരവും ഭിന്നിപ്പിക്കുന്നതുമാണ്. ഈ നിയമത്തിന്റെ കുടില ലക്ഷ്യം ഓരോ ദേശസ്‌നേഹിക്കും മതേതരനായ ഇന്ത്യക്കാരനും അറിയാം. രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ചെറുപ്പക്കാരും സ്ത്രീകളും പ്രത്യേകിച്ച് വിദ്യാര്‍ഥികളും നിയമം നടപ്പാക്കിയാലുണ്ടാകുന്ന ഗുരുതര പ്രത്യാഘാതത്തെ കുറിച്ച് മനസ്സിലാക്കി കഴിഞ്ഞു” – സോണിയ ഗാന്ധി പറഞ്ഞു.

ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്. ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയവ പൊലീസ് ഭരിക്കുന്ന സംസ്ഥാനങ്ങളായി മാറുകയാണ്. ഉത്തര്‍പ്രദേശിലെ മിക്കവാറും നഗരങ്ങളിലും, ജാമിയ മിലിയയിലും, ജെഎന്‍യുവിലും, ബനാറസ് ഹിന്ദു സര്‍വകലാശാലയിലും അലഹാബാദ് സര്‍വകലാശാലയിലും ഡല്‍ഹി സര്‍വകലാശാലയിലും ഗുജറാത്ത് സര്‍വകലാശാലയിലും ബെഗംളുരുവിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലുമെല്ലാം ഉണ്ടായ പോലീസ് അതിക്രമങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി ഉന്നതാധികാര സമിതിയെ നിയമിക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട ആളുകള്‍ക്ക് നീതി ലഭിക്കണം’. എന്‍ആര്‍സിയുടെ മറ്റൊരു രൂപമാണ് എന്‍പിആറെന്നും എന്‍പിആര്‍ നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു.

Top