താന്‍ യാതൊരുവിധ പരിശോധനക്കും തയാറല്ല;സുപ്രീം കോടതി വിധിക്കെതിരെ ജസ്റ്റിസ് കര്‍ണന്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി വൈദ്യപരിശോധന നടത്താന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെ ജസ്റ്റിസ് സി എസ് കര്‍ണന്‍ രംഗത്ത്.

താന്‍ യാതൊരു പരിശോധനയ്ക്കും തയ്യാറല്ലെന്നും സുപ്രീം കോടതിക്ക് അങ്ങനെ വിധിക്കാന്‍ എന്തധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

തനിക്ക് മാനസിക രോഗമാണെന്നാണോ പറയുന്നത് , അങ്ങനെ തനിക്ക് രോഗമുണ്ടെന്ന് വിധിയെഴുതാന്‍ സുപ്രീം കോടതി ആരാണ്. തനിക്കെതിരായ കേസ് പരിഗണിച്ച ഏഴ് ജഡ്ജിമാരും അഴിമതിക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സമ്മതമില്ലാതെ ഡി ജി പി സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അദ്ദേഹത്തിനെതിരെ നടപടിക്ക് ഉത്തരവിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാരുടെ മാനസിക നില പരിശോധിക്കാന്‍ ജസ്റ്റിസ് കര്‍ണന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ജഡ്ജിമാരെ എയിംസ് മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാനായിരുന്നു ഡല്‍ഹി ഡിജിപിയോട് ജസ്റ്റിസ് കര്‍ണന്‍ നിര്‍ദേശിച്ചത്.

ചീഫ് ജസ്റ്റീസ് ജെ എസ് ഖെഹാര്‍ തലവനായ ഏഴംഗ ബെഞ്ചാണ് ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ ഉത്തരവിട്ടത്.

കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘം ജസ്റ്റിസ് കര്‍ണനെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മെയ് നാലിന് പരിശോധന നടത്തി എട്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കൂടാതെ ജസ്റ്റിസ് കര്‍ണന്റെ ഉത്തരവുകള്‍ നടപ്പിലാക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടുകയാണ്.

സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നടപടിയെ തുടര്‍ന്ന് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപീം കോടതിയിലെ ഏഴു ജഡ്ജിമാര്‍ക്ക് വിദേശയാത്രക്ക് വിലക്കേര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടിരുന്നു.

പിന്നീട് മറ്റൊരു ഉത്തരവില്‍ ഇവര്‍ക്ക് വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്താനും മെയ് ഒന്നിന് മുമ്പ് സുപ്രീംകോടതി ജഡ്ജിമാര്‍ തന്റെ വസതിയില്‍ ഹാജരാകണമെന്നും ജസ്റ്റിസ് കര്‍ണന്റെ ഉത്തരവുണ്ടായിരുന്നു. തന്റെ വസതിയില്‍ നിന്നുതന്നെയാണ് കര്‍ണന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നത്.

അതേസമയം നവമാധ്യമങ്ങളിലടക്കം ജസ്റ്റിസ് കര്‍ണനെ അനുകൂലിച്ച് നിയമ രംഗത്തുള്ളവരടക്കം നിരവധി പേര്‍ രംഗത്തെത്തി.

ജസ്റ്റിസ് കര്‍ണന്റെ സമ്മതമില്ലാതെ വൈദ്യപരിശോധന നടത്താന്‍ സാധിക്കില്ലെന്ന് 2017 ലെ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ടില്‍ വ്യക്തമാക്കുന്നതായി മുതിര്‍ന്ന സുപ്രിം കോടതി അഭിഭാഷക ഇന്ദിര ജയ്‌സിങ് ട്വീറ്റ് ചെയ്തു. ശാരീരികമോ മാനസികമോ ആയ പരിമിതി ചൂണ്ടിക്കാട്ടി ഒരു ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ സുപ്രീ കോടതിക്ക് അധികാരമില്ലെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

Top