രണ്ട് വര്‍ഷത്തിനിടെ 63554 പേര്‍ സാക്ഷരത കൈവരിച്ചു; വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി

ravindranath

തിരുവനന്തപുരം: രണ്ട് വര്‍ഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉയള്‍പ്പെടെ 63554 പേര്‍ സാക്ഷരത കൈവരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിയിലൂടെ 2207പേര്‍ സാക്ഷരത കൈവരിച്ചെന്നും അക്ഷരലക്ഷം പദ്ധതിയിലൂടെ മാത്രം 42,933 പേര്‍ അക്ഷരവെളിച്ചം നേടിയെന്നും മന്ത്രി കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2 വര്‍ഷത്തിനിടെ- 63,554 പേര്‍ സാക്ഷരരായി; സംസ്ഥാനത്തിന് റെക്കോര്‍ഡ് നേട്ടം

നിരക്ഷരതയുടെ തുരുത്തുകളിലേക്ക് അറിവിന്റെ വെളിച്ചമെത്തിച്ച സര്‍ക്കാര്‍ പദ്ധതിയില്‍ രണ്ടുവര്‍ഷത്തിനിടെ സാക്ഷരരായത് 63,554 പേര്‍. സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെയാണ് മുന്‍ വര്‍ഷത്തേക്കാള്‍ 15 ഇരട്ടിയോളം പേര്‍ സാക്ഷരരായത്. സാക്ഷരതാ മിഷന്‍ നടപ്പാക്കിയ ഏഴു സാക്ഷരത – തുടര്‍വിദ്യാഭ്യാസ പദ്ധതികളിലൂടെയാണ് സംസ്ഥാനം റെക്കോഡ് നേട്ടത്തിലെത്തിയത്. അക്ഷരലക്ഷം പദ്ധതിയിലൂടെ മാത്രം 42,933 പേരാണ് അക്ഷരവെളിച്ചം നേടിയത്.

തുടര്‍വിദ്യാകേന്ദ്രങ്ങളുള്ള 2000 വാര്‍ഡുകളില്‍ സര്‍വേ നടത്തിയായിരുന്നു നിരക്ഷരരെ അക്ഷരലക്ഷം പദ്ധതിയില്‍ സാക്ഷരതാ ക്ലാസുകളില്‍ എത്തിച്ചത്. അട്ടപ്പാടിയില്‍ നടത്തിയ ഒന്നും രണ്ടും ഘട്ട സാക്ഷരതാ – തുല്യതാ പരിപാടികളിലൂടെ 3670 പേരും വയനാട്ടില്‍ ആദ്യഘട്ടത്തിലൂടെ 4309 പേരും സാക്ഷരരായി.

തീരദേശത്തെ നിരക്ഷരത ഇല്ലാതാക്കാനുള്ള അക്ഷരസാഗരം പദ്ധതിവഴി ഇതുവരെ 6683 പേര്‍ സാക്ഷരരായി. ആദ്യഘട്ടം നടപ്പാക്കിയ തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 3568 പേരും രണ്ടാംഘട്ട പ്രവര്‍ത്തനം നടന്ന കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 3115 പേരും സാക്ഷരത നേടി.

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിയിലൂടെ 2207പേരും അക്ഷരലോകത്ത് എത്തി. പട്ടികവര്‍ഗ കോളനികളില്‍ നടപ്പാക്കുന്ന സമഗ്രപദ്ധതിയിലൂടെ 1996 പേരും പട്ടികജാതി കോളനികളില്‍ നടപ്പാക്കിയ നവചേതനയിലൂടെ 1756 പേരും സാക്ഷരരായി.

Top