ഗുരുവായൂരില്‍ വിശ്വാസികളായ എല്ലാവര്‍ക്കും പ്രവേശനം നല്‍കണം: സി.എന്‍.ജയദേവന്‍ എംപി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിശ്വാസികള്‍ക്കും പ്രവേശനം നല്‍കണമെന്ന് സിപിഐ എംപി സി.എന്‍.ജയദേവന്‍.

അഹിന്ദുക്കളായ എല്ലാ വിശ്വാസികളെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം. അനാവശ്യ വിവാദങ്ങള്‍ ഭയന്നാണ് ഭരണസമിതികള്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭരണസമിതിയ്ക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും ഗായകന്‍ കെ.ജെ.യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു.

നേരത്തെ, ക്ഷേത്രപ്രവേശന വിഷയത്തില്‍ സര്‍ക്കാരാണ് മുന്‍കൈയെടുക്കേണ്ടത് എന്ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തന്ത്രി, പണ്ഡിത സമൂഹങ്ങളുമായി ആലോചിച്ച ശേഷം നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചിരുന്നു.

ആചാരങ്ങള്‍ കാലഘട്ടത്തിന് അനുസരിച്ച് മാറുമെന്നും മാറ്റങ്ങള്‍ അറിഞ്ഞ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും വ്യക്തമാക്കിയ തന്ത്രി സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തോട് സഹകരിക്കാന്‍ തയാറാണെന്നും പറഞ്ഞു. ഇതിന് പിന്നാലെ വിഷയത്തില്‍ തന്ത്രിയുടെ നിലപാടിനെ സ്വാഗതംചെയ്ത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

Top