സി.എം. രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. രവീന്ദ്രനെ ഇന്നലെ 14 മണിക്കൂ‌ർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയക്കാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. ഇന്ന് രാവിലെ 9.30-ഓടെയാണ് അദ്ദേഹം വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരായത്.  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

 

സ്വർണ്ണകള്ളക്കടത്തിന് പിന്നിലെ കള്ളപ്പണം വെളുപ്പിക്കല്‍ ,ബിനാമി ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ സമയം ഇടവേളകള്‍ നല്‍കിയാണ് രവീന്ദ്രനെ ഇന്നലെ ചോദ്യം ചെയ്തത് എന്നാണ് ഇ.ഡി. വൃത്തങ്ങള്‍ അറിയിച്ചത്. ഇ.ഡി. ചോദ്യം ചെയ്യുമ്പോള്‍ അതിന്റെ ദൈര്‍ഘ്യം പരിമിതപ്പെടുത്താന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. രവീന്ദ്രന്‍ നല്‍കിയ മൊഴികള്‍ ലഭ്യമായ തെളിവുകള്‍ വെച്ച് വിശദമായി വിലയിരുത്തും. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൈമാറിയ രേഖകളും പരിശോധിക്കും. ഇതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ മൂന്ന് തവണയും ചോദ്യം ചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറിയ രവീന്ദ്രന്‍ നാലാം തവണ നോട്ടീസ് നൽകിയ ശേഷമാണ് ഇ ഡിക്ക് മുന്നില്‍ ഹാജരായത്. ഇതിനിടെ എൻഫോഴ്സ്മെന്റ് കേസിൽ ശിവശങ്കർ നൽകിയ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരി​ഗണനയ്ക്ക് വരുന്നുണ്ട്.

Top