c.m legal adviser post ;asumbly the cell was filled with the UDF , it makes the CPI , and scored the BJP,

കൊച്ചി : എം കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്ത് നിന്ന് തെറുപ്പിച്ചത് ബിജെപിയുടെ തന്ത്രപരമായ നീക്കം.

നിയമ വിരുദ്ധമാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ദാമോദരന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടുമായി രംഗത്ത് വന്നത്.

അഡ്വക്കേറ്റ് ജനറല്‍ ഉണ്ടായിരിക്കെ മുഖ്യമന്ത്രിക്ക് മറ്റൊരു നിയമോപദേഷ്ടാവ് എന്തിന് വേണ്ടിയാണെന്നും ഇത് നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ എതിര്‍ കക്ഷിയാകുന്ന കേസുകളില്‍ ദാമോദരന്‍ ഹാജരാകുന്നതിന്റെ യുക്തിയും ചോദ്യം ചെയ്തിരുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ എന്ന നിലയില്‍ ദാമോദരന്‍ നിയമോദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കരുതെന്ന് മറ്റ് പ്രമുഖ അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജിയില്‍ സര്‍ക്കാറിന് എതിരെ വിധിയുണ്ടായാല്‍ അത് വലിയ തിരിച്ചടിയാവുമെന്ന് കണ്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.

കഴിഞ്ഞ ദിവസം ഇക്കാര്യം ദാമോദരനുമായി മുഖ്യമന്ത്രി അടക്കമുളളവര്‍ സംസാരിച്ചതായാണ് സൂചന.

പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തുല്യമായ പദവിയോടെയായിരുന്നു നിയമോപദേഷ്ടാവിന്റെ നിയമനം.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരായതാണ് ആദ്യം വിവാദത്തിന് തിരി കൊളുത്തിയിരുന്നത്. പിന്നീട് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ചന്ദ്രശേഖരന്‍ പ്രതിയായ കശുവണ്ടി കേസിന്റെ വക്കാലത്ത് കൂടി ഏറ്റെടുത്തതോടെ പൊട്ടിത്തെറിയില്‍ കലാശിക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ വിഷയം ഉന്നയിക്കാന്‍ ഇടതു ഘടക കക്ഷിയായ സിപിഐയും തീരുമാനിച്ചിരുന്നു.

സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കിടയിലും ദാമോദരന്‍ സ്ഥാനമൊഴിയണമെന്ന നിലപാടായിരുന്നു ഉണ്ടായിരുന്നതെങ്കിലും മുഖ്യമന്ത്രി താല്‍പര്യമെടുത്ത് നടത്തിയ നിയമനമായതിനാല്‍ പ്രതികരിച്ചിരുന്നില്ല.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്റെ അഭിഭാഷകനായിരുന്നു ദാമോദരന്‍.

ഇപ്പോള്‍ സര്‍ക്കാരും ദാമോദരനും നിലപാടില്‍ നിന്ന് പിന്നോട്ട് പോയത് ബിജെപിയെ സംബന്ധിച്ച് രാഷ്ട്രീയപരമായ വലിയ നേട്ടമാണ്.

മുഖ്യപ്രതിപക്ഷമായ യുഡിഎഫ് നേതൃത്വം അന്തം വിട്ട് നില്‍ക്കുമ്പോഴാണ് ബിജെപി ഈ വിഷയത്തില്‍ ഗോളടിച്ചത്.സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ ബിജെപി ക്യാമ്പ് ആവേശത്തിലാണ്.

ഹര്‍ജിയിലെ അന്തിമ വിധി എന്തായാലും സര്‍ക്കാരും ദാമോദരനും നിലപാട് മാറ്റിയതിനാല്‍ രാഷ്ട്രീയപരമായി തങ്ങള്‍ വിജയിച്ചുകഴിഞ്ഞെന്നാണ് ബിജെപിയുടെ അവകാശവാദം. യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ റോള്‍ സഭക്കകത്ത് രാജഗോപാലും പുറത്ത് പാര്‍ട്ടിയും തുടര്‍ന്നും നിര്‍വഹിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.

Top