രാഹുൽ ഗാന്ധി ഇനി അറിയും വയനാട് മണ്ഡലത്തിലെ ഈ ജനകീയ നേതാവിനെ

കാടിളക്കിയാണ് രാഹുല്‍ ഗാന്ധിയും സംഘവും വയനാട് പിടിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. പണകൊഴുപ്പിന്റെ തിരഞ്ഞെടുപ്പായി വയനാട് മാറുമോ എന്ന ആശങ്കയും ഉയര്‍ന്നു കഴിഞ്ഞു. സ്വന്തം നേതാവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഖദര്‍ പട ഒന്നാകെ വയനാട് മണ്ഡലത്തില്‍ കേന്ദ്രീകരിച്ചിരിക്കുകയാണിപ്പോള്‍.

പ്രചരണത്തിന് വാഹനങ്ങളം മറ്റു എല്ലാ സംവിധാനങ്ങളും ഇവിടെ ആവിശ്യത്തിലും അധികമാണ്. ബൂത്ത് ചുമതലയുള്ളവര്‍ വരെ കറങ്ങുന്നത് വാഹനങ്ങളിലാണ്. തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാതെ തന്നെ ആവശ്യത്തിന് പണവും ലഭ്യമാണ്. ഒറ്റ നിര്‍ദ്ദേശമേ നേതൃത്വം നല്‍കിയിട്ടൊള്ളൂ, അത് ചരിത്ര ഭൂരിപക്ഷമാണ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കണമെന്നതാണ് നിര്‍ദ്ദേശം. കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നേരിട്ടാണ് വയനാട്ടിലെ പ്രചരണങ്ങള്‍ നിരീക്ഷിക്കുന്നത്.

ഭാവി പ്രധാനമന്ത്രിക്കായി യു.ഡി.എഫ് സകല സംവിധാനങ്ങളും ഉപയോഗിച്ച് പ്രചരണം നടത്തുമ്പോള്‍ ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നഗ്ന പാദനായി വോട്ട് തേടുന്ന ഒരു എം.എല്‍.എയെ നാം കാണാതെ പോകരുത്.

കല്‍പ്പറ്റ എം.എല്‍.എയും സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമായ സി.കെ ശശീന്ദ്രനാണ് താരപകിട്ടുള്ള മണ്ഡലത്തില്‍ വ്യത്യസ്തനാകുന്നത്. ചുട്ടുപൊള്ളുന്ന വെയിലിലും കിലോമീറ്ററുകളോളം നടന്ന് ഓരോ വോട്ടറെയും കണ്ട് സുനീറിന്റെ വിജയം ഉറപ്പു വരുത്തുകയാണ് ഈ ജനനായകന്‍.

തിരഞ്ഞെടുപ്പ് കമ്മറ്റി യോഗങ്ങളില്‍ പങ്കെടുത്ത് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുക മാത്രമല്ല, തെരുവില്‍ നടന്ന് വോട്ട് തേടി കൂടിയാണ് ഈ കമ്യൂണിസ്റ്റിന്റെ പ്രവര്‍ത്തനം.

മണ്ണില്‍ പണിയെടുക്കുന്ന പാവങ്ങള്‍ക്കു വേണ്ടി കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ നടത്തിയ പോരാട്ടങ്ങള്‍ മാത്രമല്ല, മണ്ണിനും തനിക്കും ഇടയില്‍ ഒരകലവും പാടില്ലന്ന് വ്യക്തമാക്കി ചെരുപ്പ് പോലും ധരിക്കാതെ ഇപ്പോഴും നടക്കുന്ന സി.കെ.ശശീന്ദ്രനെ പോലെയുള്ള നേതാക്കളുടെ പ്രവര്‍ത്തനങ്ങളാണ് വയനാട്ടിലെ ചെമ്പടയുടെ കരുത്ത്.

കേരളത്തിലെ ജനങ്ങളുടെ ചിന്താശക്തിയെ നിയന്ത്രിക്കുന്നു എന്നവകാശപ്പെടുന്ന കുത്തക മാധ്യമ ശൃംഘലയുടെ പ്രധാനിയെ മലര്‍ത്തിയടിച്ചാണ് കല്‍പ്പറ്റയില്‍ നിന്നും വലിയ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ ശശീന്ദ്രന്‍ വിജയിച്ചത്.

കല്‍പ്പറ്റ മണ്ഡലം രൂപം കൊണ്ടതിനു ശേഷം ഇതാദ്യമായാണ് ശശീന്ദ്രനിലൂടെ ഒരു സി.പി.എം എം.എല്‍.എ ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.

പണത്തിനും പവറിനും മീതെ ശശീന്ദ്രനും പറക്കും എന്ന് തെളിയിച്ച ജനവിധിയായിരുന്നു അത്. ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും സമര നായകനാണ് ഈ കുറിയ മനുഷ്യന്‍.

അതിരാവിലെ എഴുന്നേറ്റ് പശുക്കളെ കറന്ന് പാല്‍പാത്രവുമായി കല്‍പ്പറ്റയിലെ നഗര വീഥികളിലൂടെ നഗ്‌നപാദനായി ഒരു എം.എല്‍.എ നടക്കുന്നത് സിനിമയില്‍ പോലും ഒരു പക്ഷേ നമ്മള്‍ കണ്ടിട്ടുണ്ടാകില്ല.

saseendran_02

എന്നാല്‍ കല്‍പ്പറ്റ നിവാസികള്‍ക്ക് ഇത് പതിവ് കാഴ്ചയാണ്. പഴയ ആളുകള്‍ക്ക് മാത്രമല്ല, പുതു തലമുറയില്‍പ്പെട്ടവരും ഓര്‍മ്മവെച്ച കാലം മുതല്‍ ശശീന്ദ്രനെ കാണുന്നത് ഇങ്ങനെയൊക്കെത്തന്നെയാണ്. പ്രത്യയ ശാസ്ത്രവും ജീവിതവും രണ്ടല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ശശീന്ദ്രന് മുന്നില്‍ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഏതൊരാള്‍ക്കും തങ്ങളില്‍ ഒരുവനായി മാത്രമേ ഇദ്ദേഹത്തെ കാണാന്‍ പറ്റൂകയുള്ളു.

പശുക്കളെ കുളിപ്പിക്കുന്നതും പച്ചക്കറി നട്ട് നനക്കുന്നതുമെല്ലാം ഈ കമ്യൂണിസ്റ്റിന്റെ ദിനചര്യകളില്‍ ഉള്‍പ്പെടുന്നവയാണ്. ഈ എം.എല്‍.എയുടെ ഇഷ്ട വാഹനം സൈക്കിളാണ് എന്ന് കൂടി നാം ഓര്‍ക്കുക. ആഡംബര വാഹനങ്ങളില്‍ രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടി വോട്ട് തേടാന്‍ പോകുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാഴ്ചയല്ല ഇത്.

രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാന്‍ അരയും തലയും മുറുക്കിയ സിപിഎം പാര്‍ട്ടിയംഗങ്ങള്‍ക്കു വോട്ട് ക്വോട്ട തന്നെ നിശ്ചയിച്ചു കഴിഞ്ഞു. വയനാട്ടിലെ 20,000 പാര്‍ട്ടിയംഗങ്ങളും ചേര്‍ന്ന് ഒരു ലക്ഷം വോട്ടുകള്‍ പുതുതായി പിടിക്കണമെന്നതാണ് പാര്‍ട്ടി നിര്‍ദേശം. മറ്റു സ്ഥാനാര്‍ഥികള്‍ക്കു വോട്ട് ചെയ്യാനിരിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവരുടെ വോട്ടുകള്‍ ഇടതുപക്ഷത്തിന് ഉറപ്പാക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

ചുമതലയുള്ള ബൂത്തിലെ 2 കുടുംബങ്ങളെയെങ്കിലും ഓരോ പാര്‍ട്ടിയംഗവും സ്വാധീനിക്കണം. ലോക്കല്‍ കമ്മിറ്റിയംഗം 3 കുടുംബങ്ങളുടെയും ഏരിയാ കമ്മിറ്റിയംഗം 5 കുടുംബങ്ങളുടെയും ചുമതല ഏറ്റെടുക്കണം. ഇത്തരത്തില്‍ ചുരുങ്ങിയത് ഒരു ലക്ഷം പുതിയ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് ചെമ്പടയുടെ പ്രതീക്ഷ.

saseendran_01

അതേസമയം, രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തില്‍ യു.ഡി.എഫിനെ സംബന്ധിച്ച് പണത്തിന് യാതൊരു ബുദ്ധിമുട്ടും ഇല്ല. പ്രവര്‍ത്തകരാകട്ടെ മറ്റു ഇടങ്ങളില്‍ നിന്നു പോലും സംഘടിച്ചെത്തി നിര്‍ദ്ദേശത്തിനായി കാത്ത് നില്‍ക്കുകയുമാണ്. എന്തിനേറെ കടലാസ് പുലിയായി അറിയപ്പെടുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കു പോലും പ്രചരണത്തിന് വയനാട്ടില്‍ പണം ഒരു തടസ്സമല്ല. ബി.ഡി.ജെ.എസിന്റെ അദ്ധ്യക്ഷന്‍ തന്നെ മത്സരിക്കുന്നതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ തുഷാറിന്റെ അനുയായികളും വയനാടാണ് കേന്ദ്രീകരിക്കുന്നത്.

രാഹുല്‍ ഗാന്ധിക്കും തുഷാറിനും വേണ്ടി പ്രചരണത്തിന് ദേശീയ നേതാക്കളുടെ വന്‍ പട തന്നെയാണ് വയനാട്ടില്‍ എത്തുന്നത്.

ഇടതുപക്ഷത്തിനാകട്ടെ ശശീന്ദ്രനെ പോലുള്ള നേതാക്കളുടെ പ്രവര്‍ത്തനങ്ങളിലാണ് ആത്മവിശ്വാസം. മണ്ണില്‍ ഇറങ്ങിച്ചെന്ന് ഓരോ വോട്ടറെയും നേരിട്ട് കാണാനാണ് ഇടതുപക്ഷം അണികള്‍ക്കും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ ആകര്‍ഷിക്കുന്ന മത്സരമായതിനാല്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാനാണ് തീരുമാനം. ഇവിടെ ഇടതു സ്ഥാനാര്‍ത്ഥി പി.പി സുനീറുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. ഒന്നര ലക്ഷത്തോളം ഉണ്ടായിരുന്ന ഭൂരിപക്ഷം കഴിഞ്ഞ തവണ 19,053 ആയി കുറക്കാന്‍ കഴിഞ്ഞതിലാണ് ഇടതു പ്രതീക്ഷ. യു.ഡി.എഫിനാകട്ടെ 2009ലെ ഒന്നര ലക്ഷത്തോളമെങ്കിലും ഭൂരിപക്ഷം എത്തിയില്ലെങ്കില്‍ ദേശീയ തലത്തില്‍ തന്നെ രാഹുലിനത് നാണക്കേടാകും.

ബി ജെ പിയ്ക്ക് 85,000 ത്തോളം വോട്ടുള്ള മണ്ഡലത്തില്‍ അതെങ്കിലും നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കാവിപ്പട. രാഹുലിനോട് ഏറ്റുമുട്ടി മൂന്നാം സ്ഥാനത്തായ പേരുദോഷം താമരക്ക് വേണ്ടെന്ന് കരുതിയാണ് ബി.ഡി.ജെ.എസിന് സീറ്റ് നല്‍കിയതെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

political reporter

Top