പ്രതിരോധത്തിൽ ആകുമ്പോഴെല്ലാം . . ചെമ്പടക്ക് കാണിക്കാൻ ഈ സഖാവുണ്ട്

ബംഗാളിലും ത്രിപുരയിലും അടിതെറ്റി വീണിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും കേരളത്തില്‍ മാത്രം സി.പി.എം ഇത്ര ശക്തമായി നില നില്‍ക്കുന്നത് എന്ന ചോദ്യം പൊതു സമൂഹത്തില്‍ വളരെ നാളുകളായി സജീവമാണ്. രാഷ്ട്രീയ വിദ്യാര്‍ത്ഥികളും അതിനുള്ള ഉത്തരം തേടിയുള്ള ഗവേഷണത്തിലാണ്.

മണ്ണില്‍ പണിയെടുക്കുന്ന പാവങ്ങള്‍ക്കു വേണ്ടി കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ നടത്തിയ പോരാട്ടങ്ങള്‍ മാത്രമല്ല, മണ്ണിനും തനിക്കും ഇടയില്‍ ഒരകലവും പാടില്ലന്ന് വ്യക്തമാക്കി ചെരുപ്പ് പോലും ധരിക്കാതെ ഇപ്പോഴും നടക്കുന്ന സി.കെ.ശശീന്ദ്രനെ പോലെയുള്ള നേതാക്കളാണ് ചെമ്പടയുടെ കരുത്ത്.

കേരളത്തിലെ ജനങ്ങളുടെ ചിന്താശക്തിയെ നിയന്ത്രിക്കുന്നു എന്നവകാശപ്പെടുന്ന കുത്തക മാധ്യമ ശൃംഘലയുടെ പ്രധാനിയെ മലര്‍ത്തിയടിച്ച കമ്യൂണിസ്റ്റാണ് കല്‍പ്പറ്റ എം.എല്‍.എ കൂടിയായ ശശീന്ദ്രന്‍.

കല്‍പ്പറ്റ മണ്ഡലം രൂപം കൊണ്ടതിനു ശേഷം ഇതാദ്യമായാണ് ശശീന്ദ്രനിലൂടെ ഒരു സി.പി.എം എം.എല്‍.എ ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. പരാജയപ്പെടുത്തിയത് നിസാരക്കാരനെയല്ല, സംസ്ഥാനത്തെ ശക്തമായ മാധ്യമ ശൃംഖലയുടെ മേധാവിയായ എം.വി.ശ്രേയാംസ് കുമാറിനെയാണ്.

പണത്തിനും പവറിനും മീതെ ശശീന്ദ്രനും പറക്കും എന്ന് തെളിയിച്ച ജനവിധിയായിരുന്നു അത്. ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും സമര നായകനാണ് ഈ കുറിയ മനുഷ്യന്‍.

അതിരാവിലെ എഴുന്നേറ്റ് പശുക്കളെ കറന്ന് പാല്‍പാത്രവുമായി കല്‍പ്പറ്റയിലെ നഗര വീഥികളിലൂടെ നഗ്‌നപാദനായി ഒരു എം.എല്‍.എ നടക്കുന്നത് സിനിമയില്‍ പോലും ഒരു പക്ഷേ നമ്മള്‍ കണ്ടിട്ടുണ്ടാകില്ല.

എന്നാല്‍ കല്‍പ്പറ്റ നിവാസികള്‍ക്ക് ഇത് പതിവ് കാഴ്ചയാണ്. പഴയ ആളുകള്‍ക്ക് മാത്രമല്ല, പുതു തലമുറയില്‍പ്പെട്ടവരും ഓര്‍മ്മവെച്ച കാലം മുതല്‍ ശശീന്ദ്രനെ കാണുന്നത് ഇങ്ങനെയാണ്. തീര്‍ന്നില്ല. . പശുക്കളെ കുളിപ്പിക്കുന്നതും പച്ചക്കറി നട്ട് നനക്കുന്നതുമെല്ലാം ഈ കമ്യൂണിസ്റ്റിന്റെ ദിനചര്യകളില്‍ ഉള്‍പ്പെടുന്നവയാണ്. ഈ എം.എല്‍.എയുടെ ഇഷ്ട വാഹനം സൈക്കിളാണ് എന്ന് കൂടി ഓര്‍ക്കുക.

പ്രത്യയ ശാസ്ത്രവും ജീവിതവും രണ്ടല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ശശീന്ദ്രന് മുന്നില്‍ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഏതൊരാള്‍ക്കും തങ്ങളില്‍ ഒരുവനായി മാത്രമേ ഇദ്ദേഹത്തെ കാണാന്‍ പറ്റൂകയുള്ളു.

സഹജീവിയുടെ വേദനകള്‍ സ്വന്തം ഹൃദയത്തിലേറ്റ് വാങ്ങുന്ന ശശീന്ദ്രന്‍ അഴിമതിക്കാരുടെ കണ്ണിലെ കരടാണ്. പൊതുവെ സൗമ്യനാണെങ്കിലും സമരമുഖങ്ങളില്‍ കത്തുന്ന പ്രക്ഷോഭകാരിയെയാണ് ഈ കമ്യുണിസ്റ്റില്‍ ദര്‍ശിക്കാന്‍ കഴിയുക.

ഭൂമാഫിയയുടെ ഉറക്കം കെടുത്തിയ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് ആദിവാസികളെ മണ്ണിന്റെ ഉടമകളാക്കി മാറ്റി ഈ കമ്മ്യൂണിസ്റ്റ്. ഇതിന്റെ ഭാഗമായി നിരവധി തവണ ക്രൂരമായ മര്‍ദ്ദനം നേരിടേണ്ടി വന്നു. പല തവണ ജയിലിലടക്കപ്പെട്ടു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ എസ്.എഫ്.ഐക്കാരനായാണ് തുടക്കം. പിന്നീട് ബത്തേരി സെന്റ് മേരീസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും കരസ്ഥമാക്കി.

ഭാര്യ ഉഷാകുമാരിയും മക്കളായ അനഘയും, ഗൗതം പ്രകാശും ജീവിതത്തില്‍ മാതൃകയാക്കുന്നതും പിതാവിന്റെ ലളിത ജീവതം തന്നെയാണ്. സി.പി.എം നേതാക്കള്‍ക്കും കുടുംബത്തിനും ആഢംബര ജീവിതം ആരോപിക്കുന്നവര്‍ക്ക് മുന്നില്‍ വയനാട്ടിലെ ഈ ജനകീയ കമ്യൂണിസ്റ്റിന്റെ ജീവതമാണ് പ്രതിരോധത്തിനായി സഖാക്കള്‍ ഉപയോഗപ്പെടുത്തിയിരുന്നത്.

ശബരിമല വിഷയം മുന്‍ നിര്‍ത്തി ചെങ്കൊടിയെ കൊത്തി പറിക്കാന്‍ വരുന്നവര്‍ക്കെതിരെയും പ്രതിരോധത്തിനായി സി.പി.എമ്മിന് മുന്നോട്ട് വയ്ക്കാന്‍ ശശീന്ദ്രനെ പോലെ നിരവധി പേര്‍ കേരളത്തിലുണ്ട്. അതു തന്നെയാണ് വിശ്വാസങ്ങള്‍ക്കും അപ്പുറം ചെമ്പടയുടെ കരുത്തും.

Top