വിദേശ നാണയ തട്ടിപ്പ് ; സി.സി തമ്പിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ന്യൂഡല്‍ഹി: വിദേശനാണയ തട്ടിപ്പുക്കേസില്‍ അറസ്റ്റിലായ മലയാളി പ്രവാസി വ്യവസായി സി സി തമ്പിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. മാത്രമല്ല അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം പരിഗണിച്ച് തമ്പിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കേസില്‍ ഇതുവരെ അഞ്ച് പേരെ ചോദ്യം ചെയ്‌തെന്നും എട്ട് പേരോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ തമ്പിയുടെ റിമാന്‍ഡ് കാലാവധി നീട്ടുന്നത് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചോദ്യം ചെയ്തു.

ഇനിയും വരാത്ത സാക്ഷികള്‍ക്കായി തമ്പിയെ വീണ്ടും കസ്റ്റഡിയില്‍ വിടരുതെന്നും തന്റെ കക്ഷിയുടെ ആരോഗ്യനില കൂടി കണിക്കിലെടുക്കണമെന്നും തമ്പിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.തമ്പി കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ കണ്ടെത്തുന്നതില്‍ അന്വേഷണ ഏജന്‍സി പരാജയപ്പെട്ടെന്നും അഭിഭാഷകന്‍ വാദിച്ചു.

ഇതിനു ശേഷമാണ് ഇഡി കസ്റ്റഡിയിലുണ്ടായിരുന്ന തമ്പിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ട് കോടതി ഉത്തരവിട്ടത്. ഫെബ്രുവരി 7 വരെയാണ് തമ്പിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. നാളെ വൈകിട്ട് 3.30-ന് ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കും. ഡല്‍ഹിയിലെ റോസ് അവന്യു കോടതിയിലാണ് കേസിന്റെ വാദം നടക്കുന്നത്.

Top