C. A student mishel’s mysterious death-crime branch enquiry

തിരുവനന്തപുരം: കൊച്ചിയിൽ സിഎ വിദ്യാർത്ഥിനിയായിരുന്ന മിഷേൽ ഷാജി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷണത്തിനു കൈമാറും. മുഖ്യമന്ത്രി പിണറായിയാണ് തീരുമാനം നിയമസഭയില്‍ പ്രഖ്യാപിച്ചത്.

ഇതേതുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് എ ഡി ജി പി നിതിന്‍ അഗര്‍വാളിനെ ഏല്‍പ്പിച്ച് ഡി ജി പി ഉത്തരവായി.

ഇതിനിടെ മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് പിറവം സ്വദേശി ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിയെ പൊലീസ് അറസ്റ്റു ചെയ്തു. മിഷേലുമായി ഇയാള്‍ക്ക് രണ്ടു വര്‍ഷത്തെ അടുപ്പമുണ്ടായിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടിയെ കാണാതാകുന്നതിന്റെ തലേ ദിവസം (നാലാം തിയ്യതി) ക്രോണിന്‍ മിഷേലിന്റെ ഫോണിലേക്ക് അയച്ചത് 57 എസ് എം എസുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആറു തവണ വിളിച്ചതായും ക്രോണിന്‍ പൊലീസിനോട് പറഞ്ഞു. ഇയാള്‍ ഒരിക്കല്‍ മിഷേലിനെ മര്‍ദ്ദിച്ചതായി കൂട്ടുകാരിയും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുന്നതിനു മുന്‍പ് ലോക്കല്‍ പൊലീസ് തന്നെയാണ് ഈ നിര്‍ണ്ണായക വിവരം പുറത്ത് കൊണ്ടു വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

മിഷേലിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻമാരായ നിവിൻ പോളിയും ടോവിനോയും ഫേസ്ബുക്കിലൂടെ രംഗത്തു വന്നിരുന്നു.

മിഷേലിന്റെ മരണം ‘ആർക്കോ’ സംഭവിക്കുന്ന കാര്യമല്ലേ എന്നോർത്ത് സമാധാനിക്കുന്നവരോട് ഒന്നേ പറയാനുള്ളൂവെന്നും നമ്മളും മറ്റുള്ളവർക്ക് ‘ആരോ’ ആണെന്നുള്ളത് ഓർക്കണമെന്നുമായിരുന്നു ടോവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്നങ്ങളുമാണ് മിഷേലിന്റെ വിയോഗത്തിലൂടെ തകർന്നതെന്ന് നിവിൻ പോളി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കുടുംബം അന്വേഷണം ആവശ്യപ്പെടുന്നു. നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തെ നാം പിന്തുണക്കണം. നമ്മുടെ ചെറിയ ശബ്ദങ്ങൾ മാറ്റങ്ങളുടെ വലിയ ഒരു ലോകം തന്നെ സൃഷ്ടിച്ചേക്കാമെന്നും നിവിൻ പോളി ചൂണ്ടി കാട്ടി.

മാർച്ച് ആറിന് വൈകിട്ട് കായലിലാണ് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. തലേന്ന് വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ നിന്നും പള്ളിയിലേക്ക് പോയ വിദ്യാർത്ഥിനിയെ പിന്നീട് കാണാതാവുകയായിരുന്നു.

Top