ലോക്‌സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 5ന്

ഡൽഹി: സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിലേക്കും മറ്റ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ അഞ്ചിന് വോട്ടെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളിലാണ് ഉപ തെരഞ്ഞെടുപ്പ്.

വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന മുലായം സിങ് യാദവ് ഒക്ടോബർ പത്തിനാണ് അന്തരിച്ചത്. എസ്പി നേതാവ് മുഹമ്മദ് അസംഖാനെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഉത്തർപ്രദേശിലെ രാംപൂർ നിയമസഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2019ൽ വിദ്വേഷപ്രസംഗം നടത്തിയതിന് മൂന്ന് വർഷം തടവ് ശിക്ഷ അനുഭവിച്ച അസംഖാനെ സ്പീക്കർ അയോഗ്യനാക്കിയിരുന്നു.

കോൺഗ്രസ് എംഎൽഎ ഭൻവർലാൽ ശർമയുടെ മരണത്തെ തുടർന്നാണ് രാജസ്ഥാനിലെ സർദർശഹർ നിയമസഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒഡീഷയിലെ പദംപൂർ, ബിഹാറിലെ കുർഹാനി, ഛത്തീസ്ഗഡിലെ ഭാനുപ്രതാപൂർ എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നിയമസഭാ സീറ്റുകൾ. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും വോട്ടെണ്ണൽ ദിവസം തന്നെയാണ് ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം.

Top