കര്‍ഷക ശാപത്തില്‍ ഇളകി ബിജെപി കസേരകള്‍ ! പുനരാലോചന വേണമെന്ന്, പാര്‍ട്ടിക്കുള്ളില്‍ തീയും പുകയും

ന്യൂഡല്‍ഹി: രാജ്യത്തെ 3 ലോക്‌സഭാ സീറ്റുകളിലേക്കും 30 നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നതോടെ ബിജെപി സമ്മര്‍ദ്ദത്തില്‍. കര്‍ണാടകയിലും ഹിമാചല്‍പ്രദേശിലും മുഖ്യമന്ത്രിമാരുടെ ജില്ലകളിലെ തോല്‍വിയും രാജസ്ഥാനില്‍ സിറ്റിങ് സീറ്റില്‍ ബിജെപി പ്രാദേശിക കക്ഷികള്‍ക്കും പിന്നില്‍ നാലാമതായതും മോദി സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ്.

അതിനാല്‍ തന്നെ, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഹിമാചല്‍ പ്രദേശിലെയും രാജസ്ഥാനിലെയും പാര്‍ട്ടി തലപ്പത്തു മാറ്റം വേണമെന്ന ചിന്തയിലാണു ബിജെപി. അസം, വടക്കുകിഴക്കന്‍ മേഖലകളില്‍ നേടിയ വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നതായി ഹിമാചലിലെയും രാജസ്ഥാനിലെയും പരാജയമെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഹിമാചലില്‍ സിറ്റിങ് ലോക്‌സഭാ സീറ്റിലും നിയമസഭയിലേക്ക് ഒരു സിറ്റിങ് സീറ്റ് ഉള്‍പ്പെടെ 3 സീറ്റുകളിലും കോണ്‍ഗ്രസിനോടു ബിജെപി തോറ്റു. മണ്ഡി ലോക്‌സഭാ സീറ്റില്‍ മുന്‍മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭ സിങ്, കാര്‍ഗില്‍ യുദ്ധവീരനായ ബിജെപി സ്ഥാനാര്‍ഥി ബ്രിഗേഡിയര്‍ കുശല്‍ ചന്ദ് ഠാക്കൂറിനെയാണു തോല്‍പിച്ചത്. മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറിന്റെ തട്ടകമാണു മണ്ഡി. രാജസ്ഥാനില്‍ ഒരു നിയമസഭാ സീറ്റ് നിലനിര്‍ത്തിയ കോണ്‍ഗ്രസ്, മറ്റൊന്നു ബിജെപിയില്‍നിന്നു പിടിച്ചെടുക്കുകയും ചെയ്തു.

രാജ്യത്തെ ഇളക്കിമറിച്ച കാര്‍ഷിക നിയമങ്ങളടക്കമുള്ള കാര്യങ്ങളില്‍ പുനരാലോചന വേണമെന്നു ബിജെപി നേതാക്കള്‍ ആഭ്യന്തര വിമര്‍ശനം നടത്തുന്നുണ്ട്. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്ന നേതാക്കള്‍ക്കെതിരെ നടപടി വരുമെന്നാണു പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ സംസ്ഥാനമായ ഹിമാചലില്‍ 3 നിയമസഭാ സീറ്റുകളില്‍ മാത്രമല്ല, മണ്ഡി ലോക്‌സഭാ മണ്ഡലത്തിലും ബിജെപി കോണ്‍ഗ്രസിനോടു തോറ്റു. ജുബ്ബാല്‍ കൊട്ഖായി നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്കു ലഭിച്ചത് 4.67% വോട്ടാണ്. കഴിഞ്ഞ മാസം പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട് സ്വതന്ത്രനായി മത്സരിച്ച ചേതന്‍ സിങ് ബ്രഗ്തയ്ക്ക് 41.8% വോട്ടും.

രാജസ്ഥാനിലെ ധരിയവാഡില്‍ ബിജെപി മൂന്നാമതാണ്, വല്ലഭ്‌നഗറില്‍ നാലാമതും. ധരിയവാദില്‍ സ്വതന്ത്രനായി മത്സരിച്ച ആദിവാസി യുവനേതാവ് താവര്‍ചന്ദ് ദമോര്‍ രണ്ടാമത്തെത്തിയത് 28.66% വോട്ട് നേടിയാണ്. കൃഷിനിയമങ്ങള്‍ക്കെതിരെ വാദിച്ച് എന്‍ഡിഎ വിട്ട കക്ഷികളിലൊന്നായ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയാണ് (ആര്‍എല്‍പി) വല്ലഭ്‌നഗറില്‍ രണ്ടാമത്. ആര്‍എല്‍പിയുടെ ഉദയ്ലാല്‍ ഡാംഗിയും (24.65% വോട്ട്) നേരത്തേ ബിജെപി എംഎല്‍എയായിരുന്ന സ്വതന്ത്രന്‍ രണ്‍ധീര്‍ സിങ് ബിന്ധറും (23.94%) ചേര്‍ന്നാണു ബിജെപിയെ നാലാമതാക്കിയത്.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്‍ പാര്‍ട്ടിയുടെ ജനകീയാടിത്തറ ക്രമമായി വിപുലപ്പെടുകയാണ്. അസമിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കര്‍ണാടക, മധ്യപ്രദേശ്, തെലങ്കാന, ബിഹാര്‍ എന്നിവിടങ്ങളിലും ഞങ്ങള്‍ വിജയിച്ചു. എങ്കിലും ബംഗാള്‍, ഹിമാചല്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രതീക്ഷിച്ചത്ര വിജയമുണ്ടായില്ല. ഇക്കാര്യം നേതൃത്വം പരിശോധിക്കും’- രാജ്യസഭ എംപിയും ബിജെപി വക്താവുമായ അനില്‍ ബലുനി ദേശീയ മാധ്യമത്തോടു പറഞ്ഞു.

Top