നാലു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

ഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ലോക്‌സഭ സീറ്റ്, ബംഗാളിലെ ബലിഗഞ്ച്, ഛത്തീസ് ഗഡിലെ ഖൈരാഗാര്‍ഹ്, ബിഹാറിലെ ബോചാഹന്‍, മഹാരാഷ്ട്രയിലെ കോലാപൂര്‍ നോര്‍ത്ത് എന്നീ അസംബ്ലി സീറ്റുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

അസന്‍സോള്‍ ലോക്‌സഭ സീറ്റില്‍ നടനും രാഷ്ട്രീയനേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപിയുടെ അഗ്നിമിത്ര പോളാണ് മുഖ്യ എതിരാളി. അസന്‍സോളില്‍ വോട്ടെടുപ്പിനിടെ ബിജെപി സ്ഥാനാര്‍ത്ഥി അഗ്നിമിത്ര പോളിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത് വന്‍ വാര്‍ത്തയായിരുന്നു.

മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ബാബുല്‍ സുപ്രിയോ രാജിവെച്ചതിനെ തുടര്‍ന്നാണ് അസന്‍സോളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബംഗാളിലെ ബലിഗഞ്ച് നിയമസഭ സീറ്റിലേക്ക് ബിജെപി വിട്ട് പാര്‍ട്ടിയിലെത്തിയ ബാബുല്‍ സുപ്രിയോയെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്.

ബലിഗഞ്ചില്‍ കേയ ഘോഷാണ് ബിജെപി സ്ഥാനാര്‍ത്ഥി. സൈറ ഷാ ഹാലിം സിപിഎം സ്ഥാനാര്‍ത്ഥിയായും ജനവിധി തേടുന്നു. മന്ത്രി സുബ്രത മുഖര്‍ജിയുടെ മരണത്തെത്തുടര്‍ന്നാണ് ബലിഗഞ്ചില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മഹാരാഷ്ട്രയിലെ കോലാപൂര്‍ നോര്‍ത്തില്‍ 15 സ്ഥാനാര്‍ത്ഥികളാണ് ജനഹിതം തേടുന്നത്. കോണ്‍ഗ്രസിന്റെ ജയശ്രീ യാദവും, ബിജെപിയുടെ സത്യജിത് കദമും തമ്മിലാണ് മുഖ്യ പോരാട്ടം.

Top