ബൈക്കില്‍ കഞ്ചാവും മാരക ആയുധങ്ങളും കടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തു

ആറ്റിങ്ങല്‍: ബൈക്കില്‍ കഞ്ചാവും മാരക ആയുധങ്ങളും കടത്തിയ സംഘത്തെ എക്‌സൈസ് അറസ്റ്റ് ചെയ്തു. നാടന്‍ ബോംബുള്‍പ്പെടെയുള്ള മാരകായുധങ്ങളും കഞ്ചാവുമായി ബൈക്കില്‍ കടന്ന യുവാക്കളെയാണ് പിടികൂടിയത്. ചിറയിന്‍കീഴ് അഴൂര്‍ ഭഗവതിക്ഷേത്രത്തിനു സമീപം വിളവീട്ടില്‍ ആര്‍.രാജേഷ് (32), ഇടയ്‌ക്കോട് ഊരുപൊയ്ക തെക്കതില്‍ ക്ഷേത്രത്തിനു സമീപം പുളിയില്‍ക്കണ്ടിവീട്ടില്‍ വിനീത് (25), ചെമ്പകമംഗലം വൈ.എം.എ. ജങ്ഷന്‍ പ്രതീഷ്ഭവനില്‍ പ്രതീഷ് (20) എന്നിവരാണ് ആറ്റിങ്ങല്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

ഒരുകിലോ നൂറുഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരില്‍നിന്ന് അഞ്ച് നാടന്‍ ബോംബ്, മഴു, വാക്കത്തി എന്നിവയും കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഴൂര്‍ റെയില്‍വേഗേറ്റിനു സമീപം ഇവരുടെ ബൈക്ക് പരിശോധിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതികള്‍ ആയുധങ്ങളുമായി ചെറുത്തുനില്പിന് ശ്രമിച്ചു. ബലപ്രയോഗത്തിലൂടെ സാഹസികമായാണ് പ്രതികളെ പിടികൂടിയത്.

ചിറയിന്‍കീഴ് താലൂക്കിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതെ തുടര്‍ന്ന് ആഴ്ചകളായി ഇവര്‍ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായ രാജേഷിന്റെ പേരില്‍ രണ്ട് കൊലക്കേസുള്‍പ്പെടെ 12 ക്രിമിനല്‍ക്കേസുകള്‍ നിലവിലുണ്ട്. മറ്റ് രണ്ടുപേരും വധശ്രമമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളാണ്.

Top